മാലിന്യം തള്ളിയാൽ പിടിവീഴും; നിങ്ങൾ കാമറ നിരീക്ഷണത്തിലാണ്

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൽ മാലിന്യം തള്ളുന്നവര്‍ ഇനി കാമറയില്‍ കുടുങ്ങും. ഇതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ലക്ഷം രൂപ ചിലവിട്ട് 11 സി.സി.ടി.വി കാമറകളാണ് പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ചത്.
പാപ്പിനിശ്ശേരി പഴയങ്ങാടി ജങ്ഷന് കണ്ടല്‍ക്കാട്, തുരുത്തി തുടങ്ങിയ വിവിധ സ്ഥലങ്ങളിലായി നിരവധി തവണയാണ് മാലിന്യം തള്ളാനെത്തിയ വാഹനങ്ങളെ പിടികൂടിയത്.
ഇതിനെതിരെ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും വര്‍ഷങ്ങളുടെ ആവശ്യമാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടത്.
ഇന്റർനെറ്റിന്റെ സഹായമില്ലാതെ ഇന്റഗ്രേറ്റഡ് സംവിധാനം ഉപയോഗിച്ചാണ് കാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വാഹനങ്ങളുടെ നമ്പറുകളടക്കം സൂക്ഷിക്കുന്ന രീതിയിലുള്ള കാമറകളുമുണ്ട്.
ഇതില്‍ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ കാമറകള്‍ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.