വിലാസം തെറ്റിയാല്‍ ലൈസന്‍സ് കൊച്ചിയിലെത്തും; നേരിട്ടെത്തെണം, കൈപ്പറ്റാന്‍ കടമ്പകളേറെ

Share our post

പെറ്റ് ജി കാര്‍ഡിലെ പുത്തന്‍ ഡ്രൈവിങ് ലൈസന്‍സ് മോഹിച്ച് അപേക്ഷിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ലൈസന്‍സിലുള്ള മേല്‍വിലാസം തെറ്റാണെങ്കില്‍ പുതിയ ലൈസന്‍സ് വാങ്ങാന്‍ കൊച്ചി തേവരയിലുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത വിതരണ കേന്ദ്രത്തില്‍ എത്തേണ്ടിവരും. രേഖകളുമായി അപേക്ഷകന്‍ നേരിട്ട് ഹാജരായാല്‍മാത്രമേ ലൈസന്‍സ് തിരിച്ചുകിട്ടൂ. അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മേല്‍വിലാസം ശരിയാണെന്ന് ഉറപ്പുവരുത്തണം.

പെറ്റ് ജി കാര്‍ഡിലെ പുതിയ ലൈസന്‍സ് ഏര്‍പ്പെടുത്തിയപ്പോഴാണ് പഴയ ലാമിനേറ്റഡ് കാര്‍ഡുകള്‍ മാറ്റാന്‍ അനുമതി നല്‍കിയത്. നിലവില്‍ ലൈസന്‍സുള്ളവര്‍ക്കും പുതിയ ലൈസന്‍സിന് അപേക്ഷ (റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡി.എല്‍.) നല്‍കാം. 200 രൂപയും തപാല്‍ചാര്‍ജും നല്‍കണം. ഒരുവര്‍ഷം കഴിഞ്ഞാല്‍ 1200 രൂപ നല്‍കണം. ഇതോടെയാണ് പെറ്റ് ജി ലൈസന്‍സിനുള്ള അപേക്ഷ ക്രമാതീതമായി വര്‍ധിച്ചത്.

നിലവിലെ വിതരണ സംവിധാനത്തിന് താങ്ങാന്‍ കഴിയാവുന്നതിലേറെ അപേക്ഷകളാണ് ദിവസവും എത്തുന്നത്. പഴയരേഖകള്‍ സോഫ്റ്റ്‌വേറിലേക്ക് മാറ്റിയപ്പോഴുണ്ടായ പിഴവില്‍ മേല്‍വിലാസംതെറ്റിയ കേസുകളുമുണ്ട്. ഓണ്‍ലൈനിലെ മേല്‍വിലാസം അപൂര്‍ണമോ, തെറ്റോ ആണെങ്കില്‍ ലൈസന്‍സ് മാറ്റാന്‍ (റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡി.എല്‍.) അപേക്ഷ നല്‍കേണ്ട, പകരം അപേക്ഷ മതി.

മൊബൈല്‍ നമ്പര്‍ കൃത്യമായി നല്‍കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അപേക്ഷയുടെ പുരോഗതി കൃത്യമായി അറിയാനാകും. മേല്‍വിലാസം കണ്ടെത്താതെ തിരിച്ചെത്തിയാലും ലൈസന്‍സ് ഉടമയെ മൊബൈല്‍ഫോണിലൂടെ ബന്ധപ്പെടാനാകും. അതത് ഓഫീസുകളില്‍നിന്നാണ് ഇതുവരെ ലൈസന്‍സ് തയ്യാറാക്കിനല്‍കിയിരുന്നത്. എന്നാല്‍, ഈ സംവിധാനം മാറിയതോടെ കേന്ദ്രീകൃത വിതരണകേന്ദ്രത്തിലേക്ക് മടങ്ങുന്നവിധത്തിലാണ് ക്രമീകരണം. അതത് ഓഫീസുകളിലേക്ക് തിരിച്ചയക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!