ഭക്ഷണം കഴിച്ച് പണം നൽകാതെ മുങ്ങിയ എസ്.ഐ. പിടിയിൽ; മദ്യലഹരിയിൽ പരാക്രമവും

Share our post

കുറ്റ്യാടി: മദ്യലഹരിയിൽ ചുരംറോഡിലെ ഹോട്ടലിലും തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച എസ്.ഐ. അറസ്റ്റിൽ.

ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനിൽകുമാറിനെയാണ് തൊട്ടിൽപ്പാലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.

വ്യാഴാഴ്ച രാത്രിയാണ് പക്രംതളം ചുരം പത്താംവളവിനുസമീപത്തെ ഹോട്ടലിലും തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തും നാടകീയസംഭവങ്ങൾ അരങ്ങേറിയത്.

കുടുംബത്തോടൊപ്പം പക്രംതളം ചുരത്തിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനുശേഷം ഹോട്ടൽ ഉടമയുമായി വാക്തർക്കത്തിലേർപ്പെടുകയും ഹെൽത്ത് ഇൻസ്പെക്ടറാണെന്നു പറഞ്ഞ് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് സ്ഥലംവിടുകയുമായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാരും പോലീസും ചേർന്ന് തൊട്ടിൽപ്പാലം കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തുവെച്ച് എസ്.ഐ.യും കുടുംബവും സഞ്ചരിച്ച ടാക്സി കാർ തടഞ്ഞുനിർത്തി. നാട്ടുകാരുടെയും കസ്റ്റഡിയിലെടുക്കാനെത്തിയ തൊട്ടിൽപ്പാലം പോലീസിന്റെയും നേർക്ക് എസ്.ഐ. അസഭ്യവർഷം തുടർന്നു.

പോലീസ് ബലം പ്രയോഗിച്ച് തൊട്ടിൽപ്പാലം പോലീസ്‌ സ്റ്റേഷനിലെത്തിച്ചു. ചോദ്യംചെയ്യലിനിടെയാണ് ന്യൂമാഹി സ്റ്റേഷൻ എസ്.ഐ. അനിൽകുമാറാണ് പിടിയിലായിരിക്കുന്നതെന്ന് മനസ്സിലായത്.

വൈദ്യപരിശോധനയ്ക്കായി കുറ്റ്യാടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴും ഇദ്ദേഹം ആക്രോശം തുടരുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസ് ചാർജ് ചെയ്തതിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!