മണത്തണയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് സാക്ഷികളെ വിസ്തരിച്ചു
തലശ്ശേരി: ജീപ്പ് ഓടിച്ച് പോവുകയായിരുന്ന പേരാവൂർ മണത്തണ സ്വദേശിയായ യുവാവിനെ വഴിയിൽ തടഞ്ഞ് നിർത്തി ദേഹത്ത് ആസിഡ് ഒഴിക്കുകയും പിന്നീട് വെട്ടി കൊലപ്പെടുത്തുകയും ചെയ്തുവെന്ന കേസിന്റെ വിചാരണ നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുമ്പാകെ തുടങ്ങി. ജഡ്ജ് ജെ.വിമൽ മുമ്പാകെ കൊല്ലപ്പെട്ട ബിജുചാക്കോയുടെ സഹോദരി ബിന്ദു ചാക്കോ, കൈലാസൻ ചെറിയത്ത്,സി. സിവിനേഷ്,അഭിജേഷ് ചെറിയത്ത് എന്നീ സാക്ഷികളെയാണ് വിസ്തരിച്ചത്.വിസ്താരം ഈ മാസം പത്ത് മുതൽ തുടരും.
ഒന്നാം പ്രതിയായ ജോസ് മാങ്കുഴിക്ക് (68) കീഴ്കോടതി ജാമ്യം നിഷേധിച്ചിരുന്നു.തുടർന്ന് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. പ്രതിക്ക് ജാമ്യം നല്കരുതെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ബിജു ചാക്കോയുടെ (50) ഭാര്യ ഷെൽമ റോസ് ഡി.കെ.അബൂബക്കർ സിദ്ധീഖി മുഖേന നൽകിയ ഹരജിയിൽ പ്രതി ജോസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് വിചാരണ നടത്തി തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു.രണ്ടാം പ്രതിക്ക് കീഴ്കോടതി മുൻപ് ജാമ്യം അനുവദിച്ചിരുന്നു.
ബിജു ചാക്കോയുടെ അമ്മ ലീലാമ്മയുടെ രണ്ടാം ഭർത്താവായ മാങ്കുഴി ജോസ് (65) ഒന്നാം പ്രതിയും അക്രമത്തിന് സഹായിയായ വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരൻ (60) രണ്ടാം പ്രതിയുമാണ്. 2021 ഒക്ടോബർ 29ന് പുലർച്ചെ അഞ്ചരയോടെ വീട്ടിൽ നിന്ന് ജീപ്പിൽ പോവുകയായിരുന്ന ബിജുവിനെ വഴിയിൽ തടഞ്ഞിട്ടാണ് ആസിഡ് ഒഴിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജു 2021 നവംമ്പർ 15നാണ് മരണപ്പെട്ടത്. ഒന്നാം പ്രതി ജോസ് മാങ്കുഴി ലീലാമ്മയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കോടതിയിൽ നൽകിയ ഹരജിയിൽ ലീലാമ്മക്ക് അനുകൂല വിധി ഉണ്ടായിരുന്നു. ഇതി ലുള്ള വിരോധമാണ് കൊലക്ക് കാരണമായി ആരോപിക്കുന്നത്.
പരിക്കേറ്റ ബിജുവിനെ ആസ്പത്രിയിൽ എത്തിക്കുന്നത് പ്രതികൾ തടയുകയും ചെയ്തതായിട്ടാണ് പരാതി.അഡ്വ.കെ.വിശ്വനെ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ബിജു വിന്റെ ഭാര്യ ഷെൽമറോസ് സർക്കാറിൽ ഹരജി സമർപ്പിച്ചതിനെ തുടർന്നാണ് സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.പ്രതികൾക്ക് വേണ്ടി അഡ്വ.ടി.സുനിൽ കുമാറും അഡ്വ. എം .എസ് .നിഷാദും അഡ്വ.വി ഷാജിയുമാണ് ഹാജരാവുന്നത്.