Kerala
കൊലപാതകശേഷം ഒന്നരപ്പവന്റെ മാലയും കവര്‍ന്നു; മൃതദേഹം ഒളിപ്പിച്ചത് ആനയും പുലിയുമിറങ്ങുന്ന വനത്തില്‍

കാലടി: അതിരപ്പിള്ളിയില്‍ യുവതിയെ കൊന്ന് കാട്ടില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാലയും കവര്‍ന്നതായി കണ്ടെത്തല്‍.
ചെങ്ങല്‍ പരുത്തിച്ചോട് പറക്കാട്ട് വീട്ടില്‍ സനിലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ട സംഭവത്തില്‍ അങ്കമാലി വടവഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അടിമാലി പാപ്പിനശേരി അഖില്‍ (32) ആണ് അറസ്റ്റിലായത്. ആതിരയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് അഖില്‍.
ഇരുവരും അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ്. അഖില്‍ ആതിരയുടെ കൈയില്‍ നിന്നും പത്ത് പവനോളം ആഭരണങ്ങള്‍ പലപ്രാവശ്യമായി കടം വാങ്ങിയിരുന്നു. ഇത് ആതിര തിരികെ ചോദിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്.
അഖില്‍ ആതിരയെ വനത്തില്‍വെച്ച് ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് ഒന്നരപ്പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്നതായാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍.
ഇതിന് ശേഷം ആനയും പുലിയുമിറങ്ങുന്ന വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചത്. പിന്നീട് ഈ മാല അഖില്‍ അങ്കമാലിയിലെ ഒരാളുടെ കൈയില്‍ പണയം വെച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ 29-ന് ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ആതിരയെ ഭര്‍ത്താവാണ് കാലടി ബസ് സ്റ്റാന്‍ഡില്‍ വിട്ടത്. റെന്റ് എ കാറില്‍ എത്തിയ അഖില്‍ ഇവിടെ നിന്നും ആതിരയെ തുമ്പൂര്‍മുഴി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആതിരയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. ആതിര സംഭവ ദിവസം മൊബൈല്‍ കൊണ്ടുപോയിരുന്നില്ല.
വീട്ടില്‍ നിന്നും ലഭിച്ച ആതിരയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അഖിലുമായുള്ള അടുപ്പത്തേക്കുറിച്ച് സൂചന ലഭിച്ചു. തുടക്കത്തിലെ ചോദ്യം ചെയ്യലില്‍ ആതിരയെ കാണാതായതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അഖില്‍ പറഞ്ഞത്.
തുടര്‍ന്ന് വിട്ടയച്ചെങ്കിലും അഖില്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ആതിര കാലടി സ്റ്റാന്‍ഡില്‍ എത്തിയതും കാറില്‍ ഇരുവരും പോകുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ അഖിലിന് കുറ്റം സമ്മതിക്കേണ്ടിവന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആനയും പുലിയുമിറങ്ങുന്ന വനമേഖലയില്‍ നിന്നും ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതോടെ കാട്ടില്‍ രാത്രിതന്നെ തിരച്ചില്‍ നടത്താന്‍ കാലടി പോലീസ് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച് ടോര്‍ച്ചും ആന വന്നാല്‍ ഓടിക്കാനുള്ള സജ്ജീകരണങ്ങളുമായി നടന്നാണ് സംഘം മലകയറിയത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും ഒപ്പം ചേര്‍ന്നു.
ആനമല റോഡില്‍ നിന്ന് അര കിലോമീറ്ററിലേറെ അകലെ വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്.
മൃതശരീരം രണ്ട് പാറകളുടെ ഇടയില്‍ കിടത്തി കരിയിലകള്‍ കൊണ്ട് മൂടിയിരുന്നെങ്കിലും കാലുകള്‍ പുറത്ത് കാണാവുന്ന നിലയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കാലടി പോലീസ് അഖിലിനെ വെറ്റിലപ്പാറ മേഖലയില്‍ എത്തിച്ചെങ്കിലും ആതിര ബസ് കയറി ചാലക്കുടി ഭാഗത്തേക്ക് പോയി എന്ന് പറഞ്ഞതിനാല്‍ തിരികെ കൊണ്ടുപോയി.
വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പ്രതി സംഭവങ്ങള്‍ വിവരിച്ചു. പുലര്‍ച്ചെ തന്നെ അതിരപ്പിള്ളി പോലീസും വനപാലകരും വീണ്ടുമെത്തി പ്രദേശം റിബണ്‍ കെട്ടി തിരിച്ചു.
സംഭവമറിഞ്ഞ് നാട്ടുകാരുള്‍പ്പെടെ നിരവധി ആളുകള്‍ തുമ്പൂര്‍മുഴിയില്‍ എത്തിയെങ്കിലും റോഡില്‍ നിന്ന് ആരെയും വനത്തിലേക്ക് കയറ്റി വിട്ടില്ല. പ്രതിയെ രാവിലെ എട്ടോടെ സ്ഥലത്തെത്തിച്ചു.
സൂപ്പര്‍മാര്‍ക്കറ്റിലെ സൗഹൃദം കൊലയില്‍ കലാശിച്ചു
അങ്കമാലി: അഖിലുമായി സൂപ്പര്‍മാര്‍ക്കറ്റില്‍ തളിരിട്ട സൗഹൃദമാണ് ഒടുവില്‍ ആതിരയുടെ കൊലപാതകത്തില്‍ കലാശിച്ചത്. അങ്കമാലി എം.സി. റോഡിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.
കാലടി ചെങ്ങല്‍ സ്വദേശിനിയായ ആതിര സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളായിരുന്നു. അഖില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ഫിഷ് സ്റ്റാള്‍ വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നു.
അഞ്ചു മാസത്തെ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്. നാലുവര്‍ഷം മുന്‍പാണ് അഖില്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. ആതിര അഞ്ചു മാസം മുന്‍പും. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നതായി അറിയില്ലെന്നാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ പറയുന്നത്.
10 ദിവസം മുന്‍പ് ആതിര ജോലി വേണ്ടെന്നുവെച്ച് പോയതായി സ്ഥാപന ഉടമ പറയുന്നു. അഖിലിന്റെ കുട്ടി രോഗിയായതിനാല്‍ പണത്തിന് കൂടുതല്‍ ആവശ്യമുണ്ടായിരുന്നു.
പണയം വെയ്ക്കുന്നതിനാണ് സ്വര്‍ണാഭരണങ്ങള്‍ അഖില്‍ ആതിരയില്‍ നിന്നും വാങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ഇത് തിരികെ ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ആതിരയെ ഒഴിവാക്കാന്‍ അഖില്‍ ആസൂത്രിതമായാണ് കൊലയ്ക്ക് പദ്ധതിയിട്ടത്. ആതിരയോട് ഫോണ്‍ വീട്ടില്‍നിന്ന് എടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. പോലീസ് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ വേഗം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയായിരുന്നു ഇത്.
അഖിലും ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെച്ചു. എന്നാല്‍, കാര്‍ വാടകയ്ക്ക് കൊടുത്ത ആളുടെ മൊഴിയും സി.സി.ടി.വി. ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ പോലീസിനെ തുണച്ചു.
Kerala
വനിത സി.പി.ഒ: 45 പേർക്ക് കൂടി നിയമന നിർദ്ദേശം

തിരുവനന്തപുരം: വനിത സിവില്‍ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് രണ്ടു ദിവസം മുൻപും പരമാവധി നിയമനം ഉറപ്പാക്കി. 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമോ അയച്ചു. കേരള പോലീസ് അക്കാദമിയിൽ വിവിധ കാരണങ്ങളാൽ ഒഴിഞ്ഞ് പോയവരുടെ പോസ്റ്റുകളാണ് തത്സമയം പ്രയോജനപ്പെട്ടത്. പോക്സോ വിഭാഗത്തിൽ വന്ന 28 ഉം പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിൽ ജോലിനിർത്തിപ്പോയ 13, ജോയിനിങ് ചെയ്യാത്ത 4 പേർഎന്നിങ്ങനെയുള്ള ഒഴിവുകളാണ് അടിയന്തിരമായി പ്രയോജനപ്പെടുത്തിയത്. 2024 ഏപ്രില്‍ 20 നാണ് 964 പേരുള്‍പ്പെട്ട വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 337 പേരെ ലിസ്റ്റിൽ നിന്നും ഇതുവരെ നിയമന നിർദ്ദേശം ചെയ്തിട്ടുണ്ട്. ഏപ്രിൽ 10 വരെ റിപ്പോർട് ചെയ്ത മുഴുവൻ ഒഴിവുകളുമാണ് 15 ന് അഡ്വൈസ് ചെയ്യപ്പെട്ടിരിക്കുന്നത്.
Kerala
സൗജന്യ സ്കൂൾ യൂണിഫോം; ബി.പി.എല്ലുകാരും എസ്.സി-എ.സ്ടി വിഭാഗവും പുറത്ത്

തിരുവനന്തപുരം: സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽനിന്ന് രണ്ടുവർഷമായി ഏറ്റവും അർഹതയുള്ള വിഭാഗങ്ങൾ പുറത്ത്. സർക്കാർ ഹൈസ്‌കൂളുകളുടെ ഭാഗമായ എൽ.പി, യു.പി ക്ലാസുകളിലും എട്ടാം ക്ലാസിലും പഠിക്കുന്ന ബി.പി.എൽ, എസ്.സി-എ.സ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കുമാണ് രണ്ടുവർഷത്തെ യൂണിഫോം അലവൻസ് കിട്ടാനുള്ളത്. അതേസമയം, സർക്കാർ ഹൈസ്‌കൂളുകളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും തുക കിട്ടിയിട്ടുമുണ്ട്.
ബി.പി.എൽ, എസ്.സി-എസ്ടി വിഭാഗങ്ങൾക്കും പെൺകുട്ടികൾക്കും യൂണിഫോം തുക അനുവദിക്കുന്നത് സമഗ്രശിക്ഷ കേരള (എസ്എസ്‍കെ) പദ്ധതിയനുസരിച്ച് കേന്ദ്രഫണ്ടിൽനിന്നാണ്. 2024-25 വർഷം പിഎം ശ്രീ ബ്രാൻഡിങ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എസ്എസ്‍കെ ഫണ്ട് പൂർണമായും മുടങ്ങിക്കിടക്കുകയാണ്. 2023-24-ൽ 328 കോടി രൂപ നാലുഘട്ടമായി അനുവദിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ട് ഗഡു മാത്രമാണ് കിട്ടിയത്. ഇത്തരത്തിൽ കേന്ദ്രഫണ്ട് കുടിശ്ശികയായതിനാലാണു യൂണിഫോം അലവൻസ് വിതരണം മുടങ്ങിയതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം.
ഗവ. ഹൈസ്‌കൂളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന എപിഎൽ വിഭാഗം ആൺകുട്ടികൾക്കും എയ്ഡഡിലെ മുഴുവൻ കുട്ടികൾക്കും സംസ്ഥാന സർക്കാരാണ് അലവൻസ് നൽകുന്നത്. സ്വതന്ത്രമായി നിൽക്കുന്ന സർക്കാർ എൽപി, യുപി സ്‌കൂളുകളിലെ മുഴുവൻ കുട്ടികൾക്കും എയ്ഡഡ് എൽപിയിലെ കുട്ടികൾക്കും സംസ്ഥാന സർക്കാർ നേരിട്ട് കൈത്തറി യൂണിഫോമും നൽകുന്നു.
അടുത്ത അധ്യയനവർഷത്തെ യൂണിഫോമിനായി 79.01 കോടി രൂപ സംസ്ഥാനം അനുവദിച്ചിട്ടുണ്ടെങ്കിലും സൗജന്യ യൂണിഫോമിന്റെ യഥാർഥ അവകാശികൾ ഇതിലുൾപ്പെടുന്നില്ലെന്നതാണ് പ്രധാനാധ്യാപകരെയും പിടിഎെയയും പ്രതിസന്ധിയിലാക്കുന്നത്. കടം വാങ്ങിയും സ്വന്തം കൈയിൽനിന്ന് പണം ചെലവാക്കിയുമൊക്കെയാണ് പല സ്‌കൂളുകളും ഈ വിഭാഗങ്ങൾക്ക് സൗജന്യ യൂണിഫോം ഉറപ്പുവരുത്തുന്നത്. രണ്ടുവർഷം പിന്നിട്ടിട്ടും കടം വീട്ടാനാകാത്തതിനാൽ പ്രധാനാധ്യാപകർ സമ്മർദത്തിലാണ്. ഇതിനു പുറമേ, സ്വന്തംനിലയിൽ യൂണിഫോം വാങ്ങേണ്ടിവരുന്ന രക്ഷിതാക്കൾ പണം കണ്ടെത്താൻ ഏറെ പ്രയാസപ്പെടുകയാണ്.
20 കോടിയോളം രൂപയാണു സ്‌കൂളുകൾക്ക് കുടിശ്ശികയായി നൽകാനുള്ളത്. എസ്എസ്‍കെ ഫണ്ടിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. കേന്ദ്രഫണ്ട് തടസ്സപ്പെട്ടാലും 40 ശതമാനം വരുന്ന സർക്കാർ വിഹിതം അനുവദിക്കുകയാണെങ്കിൽ സൗജന്യ യൂണിഫോമിന് യഥാർഥ അർഹതയുള്ള വിഭാഗങ്ങൾക്കും അലവൻസ് ഉറപ്പുവരുത്താനാകും. എന്നാൽ, കേന്ദ്രഫണ്ട് കിട്ടാത്തതിനാൽ സംസ്ഥാനഫണ്ടുമില്ലെന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കുന്നത്.
Kerala
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ; അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയകേന്ദ്രത്തിന് അയ്യായിരം രൂപ പിഴ

കൊച്ചി: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ ചുമത്തി സംസ്ഥാന അക്ഷയ ഡയറക്ടർ. പരാതിയുടെ അടിസ്ഥാനത്തിൽ അക്ഷയ ജില്ലാ പ്രോജക്ട് മാനേജരിൽനിന്ന് റിപ്പോർട്ട് തേടിയ ശേഷമാണ് കലൂരിലെ അക്ഷയ കേന്ദ്രത്തിനെതിരേ നടപടിയെടുത്തത്. കോഴിക്കോട് ദേവഗിരിയിലെ കെ.എ. മനോജിന്റെ പരാതിയിലാണ് നടപടി.ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ കലൂർ അക്ഷയകേന്ദ്രം വഴി സമർപ്പിച്ചപ്പോൾ മനോജിനോട് സർവീസ് ചാർജ് ആയി 200 രൂപയാണ് വാങ്ങിയത്. അക്ഷയകേന്ദ്രത്തിൽ സർവീസ് ചാർജ് പ്രദർശിപ്പിച്ചിരുന്ന ബോർഡിൽ ലൈസൻസ് പുതുക്കൽ സേവനത്തിന് സർവീസ് ചാർജ് 45 രൂപ എന്നാണ് ഉണ്ടായിരുന്നത്. ഇത് ചോദ്യം ചെയ്തതോടെ അക്ഷയ സംരംഭകയും മനോജും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
പണം നൽകിയതിന്റെ രസീത് വാങ്ങി മടങ്ങിയ മനോജ്, ഇതു സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ പരാതിക്കാരനെയും അക്ഷയ സംരംഭകയെയും നേരിൽ കേട്ടിരുന്നു. സർക്കാർ ഉത്തരവ് പ്രകാരമുള്ള സേവന നിരക്കിനു പുറമേ അധിക സർവീസ് ചാർജ് ഈടാക്കിയാൽ അക്ഷയ കേന്ദ്രത്തിനെതിരേ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, കളക്ടറുടെ തീരുമാനത്തിൽ തൃപ്തനല്ലെന്നും പരാതിയിലെ വിഷയങ്ങൾ അഭിസംബോധന ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി മനോജ്, സംസ്ഥാന അക്ഷയ ഡയറക്ടർക്ക് പരാതി നൽകി. ഇതേ തുടർന്ന് അക്ഷയ ഡയറക്ടർ ഇരു കക്ഷികളെയും ഓൺലൈൻ വഴി നേരിൽ കേട്ടു. ലൈസൻസ് പുതുക്കുന്നതിന് സർവീസ് ചാർജ് ആയി 200 രൂപ വാങ്ങിയതായി അക്ഷയ സംരംഭക സ്ഥിരീകരിച്ചതായി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഈ സേവനത്തിന് സർവീസ് ചാർജ് ആയി 40 രൂപയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പ്രിന്റിങ്/സ്‌കാനിങ് കൂടി ഉൾപ്പെടുത്തിയാലും പരമാവധി 80 രൂപയാണ് സർവീസ് ചാർജായി ഈടാക്കാൻ കഴിയൂ എന്നും അമിതമായ തുകയാണ് മനോജിൽനിന്ന് ഈടാക്കിയതെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അയ്യായിരം രൂപ പിഴ ചുമത്തിയതിനൊപ്പം മനോജിൽ നിന്ന് അധികമായി വാങ്ങിയ 120 രൂപ മടക്കി നൽകാനും നിർദേശമുണ്ട്. ഭാവിയിൽ ഇത്തരം പരാതികൾ ഉണ്ടായാൽ സംരംഭകത്വം റദ്ദുചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
12 വർഷമായി പുതുക്കാതെ സേവനനിരക്ക്
അക്ഷയകേന്ദ്രങ്ങൾക്ക് സേവനത്തിന് ഈടാക്കാൻ നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ 12 വർഷം മുൻപ് ഉള്ളത്. സർക്കാരിന്റെ പല നിരക്കുകളിലും ഇതിനിടെ വർധന വന്നെങ്കിലും അക്ഷയയുടെ സേവന നിരക്കിൽ മാത്രം മാറ്റമുണ്ടായില്ല. അക്ഷയ സംരംഭകരുടെ സംഘടനകൾ സമരമടക്കമുള്ള നടപടികളിലേക്ക് കടന്നപ്പോൾ സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും മൂന്നു തവണയായി മാറ്റിവയ്ക്കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അക്ഷയ സംഘടനകൾ ഹൈക്കോടതിയിൽ ഉൾപ്പെടെ കേസ് നൽകിയിട്ടുമുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്