നാല് ജില്ലകളില്‍ മൊത്തക്കച്ചവടത്തിനായി എത്തിച്ച 221 കിലോ കഞ്ചാവ് പിടികൂടി; പ്രതികള്‍ പിടിയില്‍

Share our post

തൃശ്ശൂര്‍: നെടുപുഴ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ചിയ്യാരത്ത് 220. 990 കിലോഗ്രാം കഞ്ചാവ് പിടികൂടി. നാലുേപരെ അറസ്റ്റുചെയ്തു. ജില്ലയില്‍ പിടികൂടുന്ന ഏറ്റവും വലിയ അളവിലുള്ള കഞ്ചാവാണിത്. തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ മൊത്തവിതരണത്തിനായി ഒഡിഷയില്‍നിന്ന് കാറില്‍ കടത്തുകയായിരുന്നു.

തൃശ്ശൂര്‍ ചിയ്യാരം സ്വദേശി നടയന്‍തിരുത്തി വീട്ടില്‍ അലി എന്നറിയപ്പെടുന്ന അലക്‌സ് (41), തൃശ്ശൂര്‍ പൂവത്തൂര്‍ സ്വദേശി അറയ്ക്കല്‍ വീട്ടില്‍ റിയാസ് എന്നറിയപ്പെടുന്ന റിയാസുദ്ദീന്‍ (32), ആലപ്പുഴ പനവള്ളി സ്വദേശി കൊട്ടിയാലില്‍ വീട്ടില്‍ പ്രവീണ്‍രാജ് (35), ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കണ്ണന്പിള്ളി വീട്ടില്‍ ജേക്കബ് എന്ന ചാക്കോ (30) എന്നിവരാണ് പിടിയിലായത്.

തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള തൃശ്ശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡും നെടുപുഴ പോലീസും ചേര്‍ന്നാണ് പിടികൂടിയത്.

കഞ്ചാവ് ഒഡിഷയിലെ വന്‍കിട കഞ്ചാവ് മൊത്തവിതരണക്കാരില്‍നിന്ന് വാങ്ങിക്കൊണ്ടുവരുന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കി. അലക്‌സ് ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്. പത്തനംതിട്ട തിരുവല്ലയില്‍ കവര്‍ച്ചക്കേസ്, തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കള്ളനോട്ട് കൈവശംവെച്ചതിനുള്ള കേസ്, തൃശ്ശൂര്‍ നെടുപുഴ പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടിയ കേസ്, തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അടിപിടിക്കേസ് എന്നിവ നിലവിലുണ്ട്. പത്തനംതിട്ട തിരുവല്ല പോലീസ്സ്റ്റേഷനിലെ കേസില്‍ കോടതി ഏഴുവര്‍ഷം ശിക്ഷിച്ചതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ അപ്പീല്‍ ജാമ്യത്തിലാണ് ഇയാളിപ്പോള്‍.

പ്രവീണ്‍രാജിന് പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ കഞ്ചാവ് കടത്തിയതിന് കേസുകളുണ്ട്. അടിപിടിക്കേസുകളും നിലവിലുണ്ട്. ചാക്കോയും റിയാസും അടിപിടിക്കേസുകളില്‍ പ്രതികളാണ്.

തൃശ്ശൂര്‍ സിറ്റി അസി. പോലീസ് കമ്മിഷണര്‍ കെ.കെ.സജീവ്, തൃശ്ശൂര്‍ സിറ്റി ഡി.സി.ആര്‍.ബി. അസി. പോലീസ് കമ്മിഷണര്‍ കെ.സി. സേതു, നെടുപുഴ ഇന്‍സ്‌പെക്ടര്‍ ടി.ജി.ദിലീപ്, നെടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ അനുദാസ് കെ, തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധസേനയിലെ എസ്.ഐ. മാരായ എന്‍.ജി.സുവ്രതകുമാര്‍, പി.എം.റാഫി, കെ. ഗോപാലകൃഷ്ണന്‍,പി. രാഗേഷ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി.ജീവന്‍, പി.കെ. പഴനിസ്വാമി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്, ആഷിഷ്, എം.എസ്.ലിഗേഷ്, കെ.ബി.വിപിന്‍ദാസ്, നെടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.കെ.ബാലസുബ്രഹ്‌മണ്യന്‍, എ.എസ്.ഐ. സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് കുമാര്‍, ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീനാഥ്, വിമല്‍കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!