വീട്ടിലിരുന്ന് പണം സമ്പാദിക്കാന്‍ തട്ടിപ്പിന്റെ പുതിയ ആപ്പ്;10000 മുതല്‍ 20 ലക്ഷംവരെ നഷ്ടപ്പെട്ടവര്‍
പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതികൾ. അഞ്ചുമാസത്തിനകം ഈ രീതിയിൽ തട്ടിപ്പിനിരയായതായി പാലക്കാട് ജില്ലയിൽനിന്നുമാത്രം 250-ലേറെ പരാതികളാണ് സൈബർ പോലീസിന് ലഭിച്ചത്. 10000 രൂപമുതൽ 20 ലക്ഷംവരെ നഷ്ടപ്പെട്ടവരുണ്ടെന്നാണ് സൂചന.
പ്രമുഖ ഷോപ്പിങ് ഉത്പന്നങ്ങളുടെ പ്രമോഷൻ ജോലി, ഹോളിവുഡ് സിനിമകളുടെ റേറ്റിങ് വർധിപ്പിക്കൽ തുടങ്ങിയവയാണ് ജോലിയെന്ന് ധരിപ്പിച്ച് അത്തരം സൈറ്റുകളെന്ന് തോന്നിപ്പിക്കുന്ന വ്യാജസൈറ്റുകളുടെ ലിങ്കുകൾ നൽകുന്നതാണ് കബളിപ്പിക്കലിന്റെ ആദ്യപടി.
പിന്നീട് ഈ വിവരങ്ങൾ കൃത്യമായി ലഭിക്കാൻ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാനാവശ്യപ്പെടും. ഇതിന് മൊബൈൽ ഫോണിലൂടെ കൈമാറുന്ന വിവരങ്ങളാണ് തട്ടിപ്പിന്റെ അടുത്തപടിക്ക് ഉപയോഗിക്കുന്നതെന്ന് സൈബർ പോലീസ് പറയുന്നു.
യൂസർ ഐ.ഡി, പാസ്‌വേഡ് എന്നിവയടക്കം നൽകിയാണ് ആപ്പുകളുടെ പ്രവർത്തനം. ചെറിയ ടാസ്കുകൾ വഴിയാണ് തട്ടിപ്പ് തുടരുന്നത്. ആദ്യ ടാസ്ക് വിജയകരമായി പൂർത്തിയാക്കുന്നവരോട് മുന്നൂറു രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടും.
നിശ്ചിതസമയത്തിനകം 500 രൂപമുതൽ 1500 രൂപവരെ നിക്ഷേപകന്റെ അക്കൗണ്ടിൽ വന്നതായി സന്ദേശം വരും. എന്നാൽ, ഈ തുക നിക്ഷേപകന് പിൻവലിക്കാനാവില്ല. ഇത്തരത്തിൽ ഓരോ ഘട്ടത്തിനും നിശ്ചിതതുക അടയ്ക്കാനാവശ്യപ്പെടും. ഇതിന് സമാന്തരമായി നിക്ഷേപകൻ നേടിയ തുക സൈറ്റിൽ തെളിയും.
വൻതുക നഷ്ടമായതിനുശേഷമാണ് പലരും പരാതിയുമായെത്തുന്നതെന്ന് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രതാപ് പറയുന്നു. അപ്പോഴേക്കും തട്ടിപ്പുകാർ നിക്ഷേപകൻ അതുവരെ അടച്ച തുകകളെല്ലാം പിൻവലിച്ചിരിക്കും. ഇത്തരം പരാതികൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.