സംവിധായകന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് യുവനടന്‍; ലഹരി സിനിമയെ ബാധിക്കുന്നതിങ്ങനെ

കൊച്ചി: സിനിമാസെറ്റുകളില്‍ ലഹരിമരുന്ന് ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ കുഴപ്പക്കാരുടെ പേരുശേഖരിക്കാനാണ് നീക്കം. ഇത് സര്‍ക്കാരിന് കൈമാറണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സിനിമാസംഘടനകള്‍ പലതട്ടിലായതാണ് കാരണം.
സ്റ്റാമ്പ് സ്റ്റാറുകള്‍
അടുത്തിടെ വിവാദത്തിലായ സിനിമയുടെ ലൊക്കേഷനില്‍നിന്ന് പുറത്തായ ഓഡിയോസന്ദേശം ഇങ്ങനെ: ‘മലയാളസിനിമയുടെ പുതിയ സൈക്കോ അവതാരമാണ് ….(നടന്റെ പേര് പറയുന്നു), അദ്ദേഹം കഞ്ചാവോ മദ്യമോ ഉപയോഗിക്കാറില്ല. നാക്കിന് താഴെ ഒട്ടിക്കുന്ന സ്റ്റാമ്പ് ആണ് ഉപയോഗിക്കാറ്.
കഴിഞ്ഞദിവസം ഇദ്ദേഹം ലൊക്കേഷനില്‍ വന്നു. കാരവാനില്‍ കയറി അകത്തുനിന്ന് പൂട്ടി. അസിസ്റ്റന്റ് ഡയറക്ടര്‍ ഷോട്ടിന് വിളിച്ചിട്ടും വന്നില്ല. സംവിധായകന്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ ഷര്‍ട്ടിന് കുത്തിപ്പിടിച്ചു’.
ഇത് ലഹരിമരുന്ന് ഉപയോഗം മലയാളസിനിമയെ എത്രത്തോളം ബാധിച്ചുവെന്നതിന്റെ ഒരു ഉദാഹരണം മാത്രം. താരങ്ങള്‍ മാത്രമല്ല, സാങ്കേതികവിദഗ്ധരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
കഥ കഞ്ചാവ്, സംവിധാനം പോലീസ്
സിനിമാമേഖലയിലെ ലഹരിമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ പോലീസ് ഇടപെടാത്തതെന്താണെന്ന ചോദ്യത്തിന് ഒരു മുതിര്‍ന്ന സംവിധായകന്‍ പറഞ്ഞതിങ്ങനെ:
‘ഇപ്പോള്‍ പോലീസുകാരുടെ കുത്തൊഴുക്കാണ് സിനിമയിലേക്ക്. ത്രില്ലര്‍ സിനിമകളുടെ സംവിധായകരായും തിരക്കഥാകൃത്തുക്കളായും സിനിമയിലേക്ക് പ്രവേശനം കൊതിച്ചുനടക്കുന്ന ഒരുപാടുപേരുണ്ട്. അഭിനേതാക്കളായി മാറിയവരും അനേകം. ഇങ്ങനെ പോലീസും സിനിമയും തമ്മില്‍ ഒരു ബന്ധം രൂപപ്പെട്ടുകഴിഞ്ഞു. പോലീസും ഇപ്പോള്‍ സിനിമയുടെ ഭാഗമാണ്.’
ഇതിന് തെളിവായി അദ്ദേഹം പോലീസുകാര്‍ സഹകരിച്ച ഒരു സിനിമയുടെ അണിയറക്കഥ പറയുന്നു: ‘സെറ്റിലെ ഭൂരിഭാഗം റോളുകളിലും പോലീസുകാരായിരുന്നു. പ്രധാനനടന്മാര്‍ക്ക് കഞ്ചാവുതെറുത്തുകൊടുത്തു എന്നുവരെ കേട്ടു’.
സംവിധായകനും തിരക്കഥാകൃത്തും നടനുമെല്ലാം ചേരുന്ന ലഹരിക്കൂട്ടായ്മയുണ്ട് പല പുതുതലമുറ സിനിമകളിലും. ഇടയ്ക്ക് മൂഡ് സ്വിങ് മാറാനും ജോലിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനും ഷൂട്ടിങ്ങിന് ബ്രേക്ക് പറയും. ‘ജോയന്റ് ബ്രേക്ക്’ എന്നാണ് ഇതിനുള്ള സിനിമാഭാഷ. ഇത്തരം സിനിമകളുടെ സെറ്റില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് പറയുന്നത്. പ്രശ്‌നക്കാരനെന്ന് പേരുകേട്ട നടന്മാരിലൊരാള്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ തികച്ചും മര്യാദക്കാരനാണ്. കാരണം നേരത്തേ പറഞ്ഞ കൂട്ടായ്മ തന്നെ.
സൂപ്പര്‍താരം അഭിനയിച്ച മറ്റൊരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും വൈകീട്ട് മൂന്നുമണിയാകുമ്പോള്‍ ഷൂട്ട് നിര്‍ത്തി പോകും. പിന്നെ വരുന്നത് പുലരുവോളം ജോലിചെയ്യാനുള്ള ‘ഊര്‍ജ’വുമായിട്ടാണ്. എന്താണ് ഷൂട്ട് ചെയ്യുന്നതെന്നുപോലും പലര്‍ക്കും മനസ്സിലായില്ല. പക്ഷേ പടം ഹിറ്റായതോടെ ഇതെല്ലാം എല്ലാവരും മറന്നു.
സിനിമാക്കാര്‍ക്ക് ഫ്‌ളാറ്റില്ല
സിനിമാപ്രവര്‍ത്തനങ്ങള്‍ക്ക് വന്ന് ലഹരി ഉപയോഗിച്ച് അയല്‍വാസികള്‍ക്ക് ശല്യമായിത്തുടങ്ങിയതോടെ കൊച്ചിയില്‍ ഇപ്പോള്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഫ്‌ലാറ്റ് നല്‍കാന്‍ പലരും മടിക്കുന്നു. അതുകൊണ്ട് കലൂര്‍ സ്റ്റേഡിയം പരിസരവും പനമ്പിള്ളിനഗറിലെ കഫേകളും പാതയോരങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.