Connect with us

Kannur

ജലാശയങ്ങൾക്ക് വില്ലനായി കോൺക്രീറ്റ് മതിലുകളും യന്ത്രവത്കരണവും

Published

on

Share our post

കണ്ണൂർ: ലോക കാലാവസ്ഥാ സംഘടനയുടെ 2022ലെ ആഗോളകാലാവസ്ഥ പഠന റിപ്പോർട്ട് അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22നാണ് പുറത്തുവന്നത്. ആശങ്കാജനകമായ ഈ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ പലതും നാം ഞെട്ടലോടെയാണ് കേട്ടത്. പ്രതീക്ഷിച്ചതു പോലെ തന്നെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തോത് ഇക്കൊല്ലവും പുതിയ ഉയരങ്ങളിലേക്കെത്തിയിട്ടുണ്ട്.

ഇതോടെ കരയിലെയും സമുദ്രത്തിലെയും ഊഷ്മാവ് ഇനിയും ഉയരുമെന്നാണ് സൂചന. ഇതെല്ലാം മറ്റു രാജ്യങ്ങളിലെന്ന പോലെ മലയാളിയെയും ഞെട്ടിക്കുന്നതാണ്.കായലുകളും പുഴകളും സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ മാത്രമെ നമുക്ക് ഇതൊക്കെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുള്ളൂ. കായലുകൾ മാത്രമല്ല, സംസ്ഥാനത്തെ 44 നദികളും ഒരു പോലെ മലിനമാകുകയാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും നടപടികൾ പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നതാണ് പ്രധാന പരാതി.

ജലാശയങ്ങളുടെ ഗതി തിരിച്ചുവിട്ട് കോൺക്രീറ്റ് അതിരുകൾ തീർക്കുന്നതും നമ്മൾ കണ്ടുകഴിഞ്ഞതാണ്. വയലുകളിലെ ഹരിതാഭ ഇതിനൊപ്പം ഇല്ലാതായിരിക്കുന്നതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ്. പുഴകളിൽ പോലും കോൺക്രീറ്റ് കെട്ടിടങ്ങൾ രൂപപ്പെട്ടു വരികയാണ്.ബ്രിട്ടീഷുകാർ പുഴയുടെ ഗതി തിരിച്ചു വിട്ട് പാലങ്ങൾ നിർമ്മിക്കുമ്പോൾ വിശദമായ പഠനം നടത്തിയിരുന്നു.

എന്നാൽ പുതിയ കാലത്ത് ഒഴുകുന്ന പുഴയിൽ ലോഡ് കണക്കിന് മണ്ണിട്ട് ഗതി തിരിച്ചു വിടുന്നതാണ് കാഴ്ച. അശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുമ്പോൾ പലപ്പോഴും നമുക്ക് നഷ്ടമാകുന്നത് നമ്മൾ കാലങ്ങളോളം കാത്തുവച്ച ഹരിതാഭയാണ്.മത്സ്യങ്ങളെയും വെറുതെ വിടുന്നില്ലകടലിലെയും മറ്റു ജലാശയങ്ങളിലെയും ആവാസവ്യവസ്ഥയ്ക്ക് പ്ളാസ്റ്റിക് വില്ലനാകുമ്പോൾ മത്സ്യങ്ങളും ഈ വിഷമവൃത്തത്തിൽപെട്ടു പോകുന്നു.

കടലിൽ ജലോപരിതലത്തിൽ കൂട്ടത്തോടെ കഴിയുന്ന ചെറുമത്സ്യങ്ങൾ പായൽ പോലുള്ളവയാണ് കൂടുതലും ഭക്ഷിക്കാറുള്ളത്. എന്നാൽ ഈയിടെയായി ഇവ കൂടുതലും പ്ളാസ്റ്റിക് മാലിന്യങ്ങളാണ് കഴിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മത്തി, അയല പോലുള്ള ജനപ്രിയ മത്സ്യങ്ങളുടെ വയറ്റിൽ മൈക്രോ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

പഠനത്തിനായി സി.എം.എഫ്.ആർ.ഐയിലെ ഗവേഷകർ കൊച്ചി കടലിൽ നിന്ന് ശേഖരിച്ച മത്തിയുടെയും അയലയുടെയും സാമ്പിളിൽ കണ്ടെത്തിയ പ്ളാസ്റ്റിക് സാന്നിദ്ധ്യം ഞെട്ടിപ്പിക്കുന്നതാണ്.കടലിന്റെ 12 നോട്ടിക്കൽ മൈൽ വരെയുള്ള പരിശോധനയും മറ്റു ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് വകുപ്പിനും ഹാർബർ എൻജിനീയറിംഗ് വകുപ്പിനുമാണ്.

അതിനു ശേഷമുള്ള ഭാഗമാണ് കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നത്. 2015 ലെ കണക്കു പ്രകാരം ലോകത്തെ 192 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്ളാസ്റ്റിക് മാലിന്യം കടലിലേക്കു തള്ളുന്ന രാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യ.ഭാവിതലമുറയുടെ ജീവനുതന്നെ ഭീഷണിയാകുന്ന പ്ളാസ്റ്റിക് മാലിന്യം ജലാശയങ്ങളിലേക്കും മറ്റു പൊതുഇടങ്ങളിലേക്കും തള്ളുന്നതിനെതിരെ ശക്തമായ ഇടപെടലും ബോധവത്കരണവും അത്യാവശ്യമാണ്.ചാലക്കുടി പുഴയ്ക്ക് ദാഹിക്കുന്നുചാലക്കുടിപ്പുഴ വറ്റി വരണ്ടതോടെ തൃശൂർ, എറണാകുളം ജില്ലകളിലെ അഞ്ച് നിയോജക മണ്ഡലങ്ങൾക്കുള്ള കുടിവെള്ളം മുടങ്ങി.

വർഷകാലത്ത് പ്രളയവും വേനൽക്കാലത്ത് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനാവാത്ത പ്രതിസന്ധിയുമാണ് ഇവിടുത്തെ കർഷകർ നേരിടുന്നത്. ചാലക്കുടിപ്പുഴയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിനാളുകളുടെ ദുരിതത്തിന് ഇന്നും അറുതിയായിട്ടില്ല. ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീം പ്രകാരം, 22 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ, 14,142 ഹെക്ടർ കൃഷിയിടങ്ങൾ ആശ്രയിക്കുന്നത് ചാലക്കുടിപ്പുഴയെയാണ്.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ചുറ്റിപ്പറ്റിയുള്ള ടൂറിസത്തെയും വരൾച്ച ബാധിച്ചു.വൈദ്യുതി വകുപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദിയെന്നാണ് വ്യക്തമാകുന്നത്. നീരൊഴുക്ക് ക്രമീകരിക്കുന്നതിനുള്ള വെള്ളം കേരളാ ഷോളയാറിലിപ്പോഴുണ്ട്. കേരളാ ഷോളയാറിൽ നിന്ന് പൊരിങ്ങൽ കുത്ത് ഡാമിലേക്ക്, അവിടെ നിന്ന് അതിരപ്പിള്ളി വഴി ചാലക്കുടിപ്പുഴയിലേക്ക്, ഇങ്ങനെയാണ് വെള്ളം വരുന്ന വഴി. ജനറേറ്റർ തകരാർ വേഗത്തിൽ പരിഹരിക്കാനായില്ലെങ്കിൽ വാൽവ് തുറന്ന് നിശ്ചിത അളവ് വെള്ളം ഒഴുക്കിവിടണമെന്നാണ് ആവശ്യം. (തുടരും)


Share our post

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Trending

error: Content is protected !!