കെട്ടിട വസ്തു നികുതി വർദ്ധന പിൻവലിക്കണം: കോർപ്പറേഷൻ യോഗത്തിൽ ഭരണപക്ഷത്തിന്റെ അടിയന്തര പ്രമേയം

കണ്ണൂർ: വർദ്ധിപ്പിച്ച കെട്ടിട വസ്തു നികുതി തുക പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ സുരേഷ് ബാബു എളയാവൂരാണ് പ്രമേയം അവതരിപ്പിച്ചത്.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാനെന്ന രീതിയിൽ നടക്കുന്ന പകൽകൊള്ളയാണിത്. അപേക്ഷാ ഫീസും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ചതോടെ സാധാരണക്കാരന് വീട് വയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് കൗൺസിലർ മുസ് ലീഹ് മഠത്തിൽ പ്രമേയത്തെ പിന്താങ്ങി. വർദ്ധിപ്പിച്ച തുക ഈടാക്കണോ വേണ്ടയോയെന്ന് കണ്ണൂർ കോർപ്പറേഷന് തീരുമാനക്കാമെന്നും കണ്ണൂർ കോർപ്പറേഷൻ വർദ്ധിപ്പിച്ച നിരക്ക് പിരിച്ചെടുക്കില്ലെന്ന് കൂടി പ്രമേയത്തിൽ ഉൾപ്പെടുത്തിയാൽ പിന്താങ്ങാമെന്നുമായിരുന്നു എൽ.ഡി.എഫ് കൗൺസിലർ എൻ. സുകന്യ ഇതിനെതിരെ പ്രതികരിച്ചത്.
കൗൺസിലിൽ തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്നും സർക്കാർ അനുവാദം തരുമെങ്കിൽ കണ്ണൂർ കോർപ്പറേഷൻ നിരക്ക് ഈടാക്കില്ലെന്നും മേയർ അഡ്വ. ടി.ഒ. മോഹനൻ മറുപടി നൽകി.ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ശുചീകരണ പ്രവൃത്തികൾ എങ്ങുമെത്തിയില്ലെന്ന് കൗൺസിലർ കെ. പ്രദീപൻ ആരോപിച്ചു. മഴയ്ക്ക് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ നാട്ടുകാർ ഉൾപ്പെടെ സമരത്തിനിറങ്ങാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചേലോറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ബയോമൈനിംഗ് പ്രവൃത്തിയിലൂടെ നീക്കം ചെയ്യുകയാണെന്നും ഇതുവരെ 70,000 ക്യൂബിക് മീറ്റർ മാലിന്യം ബയോമൈനിംഗ് നടത്തിയെന്നും കൗൺസിലിനെ തെറ്റിദ്ധരിപ്പക്കരുതെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പി. ഇന്ദിര മറുപടി പറഞ്ഞു. പൂട്ടിയിട്ട വീടുകളിൽ നിന്നും പാഴ്സ്തു ശേഖരണത്തിനുള്ള യൂസർ ഫീ ഒഴിവാക്കുന്ന കാര്യം പരിശോധിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു.
സർക്കസ് കുലപതി ജെമിനി ശങ്കരൻ, സിനിമാതാരങ്ങളായ ഇന്നസെന്റ്, മാമുക്കോയ എന്നിവരുടെ മരണത്തിൽ കൗൺസിൽ അനുശോചിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സിയാദ് തങ്ങൾ, എൻ. ഉഷ, ചിത്തിര ശശിധരൻ എന്നിവർ സംസാരിച്ചു.
വാക് ശരങ്ങൾ ഇരുപക്ഷത്തു നിന്നും രാഷ്ട്രീയ നാടകമല്ലെങ്കിൽ ആണത്തമുണ്ടെങ്കിൽ വർദ്ധിപ്പിച്ച കെട്ടിട വസ്തു നികുതി ഈടാക്കാതിരിക്കണമെന്ന്എൽ.ഡി.എഫ് കൗൺസിലർ ടി. രവീന്ദ്രൻ പറഞ്ഞു. ഇത് ഭരണ പ്രതിപക്ഷ ബഹളത്തിനിടയാക്കി.
കൗൺസിൽ യോഗത്തിൽ മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇതു പിൻവലിക്കണമെന്നും മേയർ ടി.ഒ മോഹനൻ പറഞ്ഞു. എന്നാൽ രവീന്ദ്രൻ പരാമർശം പിൻവലിക്കാൻ തയാറായില്ല. ആണത്തമുണ്ടെങ്കിൽ വർദ്ധിപ്പിച്ച നിരക്ക് പിൻവലിക്കണമെന്ന് തെക്കോട്ട് നോക്കി പറഞ്ഞാൽ മതിയെന്നും അവിടെയാണ് മന്ത്രിമാരുള്ളതെന്നും സുരേഷ് ബാബു എളയാവൂർ തിരിച്ചടിച്ചു.