അനുസരിച്ചില്ലെങ്കില്‍ മരിക്കുമെന്ന് ഭീഷണി; 15-കാരിയെ പീഡിപ്പിച്ച ബസ് ജീവനക്കാരന്‍ പിടിയില്‍

കാക്കനാട്(കൊച്ചി): സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാരന്‍ പിടിയില്‍. എടത്തല ജി.സി.ഡി.എ. കോളനിക്കുസമീപം കാനത്തില്‍വീട്ടില്‍ ശരത്തിനെയാണ് (28) പോക്‌സോ കേസില്‍ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. 15-കാരിയായ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ ശരത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചായിരുന്നു പെണ്‍കുട്ടിയുമായി പരിചയത്തിലായത്. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മരിക്കുമെന്നും പെണ്‍കുട്ടിയാണ് അതിന് ഉത്തരവാദിയെന്ന് ആളുകളെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.
കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ തൃക്കാക്കര സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. ഇവിടത്തെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് വിവരം പുറത്തറിഞ്ഞത്. പുക്കാട്ടുപടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ശരത്.