പൂരവഴികളിലുണ്ട്‌, അവർണന്റെ ചോരപ്പാടുകൾ

Share our post

തൃശൂർ: തൃശൂർ പൂരത്തിനും ഉണ്ടായിരുന്നു ഒരു അയിത്തക്കാലം. സ്വന്തം വീട്ടിലിരുന്നുപോലും പൂരം കാണാൻ അവർണർക്ക്‌ വിലക്കുള്ള കാലം. പൂരം കാണാനെത്തിയ താഴ്‌ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദിച്ച്‌ ഓടിക്കും കാലം. 1918ലാണ്‌ വീടുകളിൽ ഇരുന്നെങ്കിലും അവർണർക്ക്‌ തൃശൂർ പൂരം പ്രദക്ഷിണം കാണാൻ അനുമതി ലഭിച്ചത്‌.

കൊച്ചി മഹാരാജാവായിരുന്ന രാമവർമ 16-ാമനാണ്‌ അനുമതി നൽകിയത്‌. ഇന്ന്‌ ജാതിഭേദമില്ലാതെ ജനലക്ഷങ്ങൾ ഒത്തുചേർന്നു മഹാപൂരം ആഘോഷിക്കുമ്പോഴും പൂരം കടന്നെത്തിയ വഴികളിൽ അവർണന്റെ ചോരപ്പാടുകൾ കാണാം.

ഘടകപൂരങ്ങൾ സ്വന്തം ക്ഷേത്രങ്ങളിൽനിന്ന്‌ പ്രദക്ഷിണമായി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്‌ വരികയാണ്‌ പതിവ്‌. 1918ൽ കണിമംഗലത്തുനിന്നുള്ള പൂര പ്രദക്ഷിണം കാണാൻ ശ്രമിച്ച അവർണന്‌ മർദനമേറ്റതായി കൊച്ചി മഹാരാജാവായിരുന്ന രാമവർമയ്‌ക്ക്‌ പരാതി ലഭിച്ചു.

അവർണർ പൂരം പ്രദക്ഷിണവഴികളിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നതായി ഒരു കൂട്ടം സവർണരും പരാതി നൽകി. എന്നാൽ, പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.

പരാതിയിൽ അന്വേഷണം നടത്താൻ മഹാരാജാവ്‌ കമ്മിറ്റിയെ നിയോഗിച്ചു. ദിവാൻ പേഷ്‌കാർ, പൊലീസ്‌ സൂപ്രണ്ട്‌, ജില്ലാ മജിസ്ട്രേറ്റ്‌, ദേവസ്വം സൂപ്രണ്ടുമാർ എന്നിവരുൾപ്പെട്ടതായിരുന്നു കമ്മിറ്റി. വിഷയം പഠിച്ച്‌ 1918 സെപ്‌തംബർ രണ്ടിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു.

പ്രദക്ഷിണം കടന്നുപോവുന്ന വഴിയിൽ വീടുകളുള്ള അവർണർക്ക്‌ പുറത്തിറങ്ങാതെ വീടുകളിൽ ഇരുന്ന്‌ തൃശൂർ പൂരം പ്രദക്ഷിണം കാണാനുള്ള അനുമതി നൽകുന്ന റിപ്പോർട്ടാണ്‌ സമർപ്പിച്ചത്‌. എന്നാൽ, പ്രദക്ഷിണത്തിലുള്ള വിഗ്രഹത്തിൽനിന്ന്‌ 150 അടി അകലം ഉറപ്പാക്കണം.

ഈ റിപ്പോർട്ട്‌ പ്രകാരം പൂരം പ്രദക്ഷിണം കാണാൻ അവർണർക്ക്‌ മഹാരാജാവ്‌ അനുമതി നൽകി. കേരള സർക്കാരിന്റെ കൾച്ചറൽ പബ്ലിക്കേഷൻ പുറത്തിറക്കിയ ദ ഹിസ്‌റ്ററി ഓഫ്‌ ഫ്രീഡം മൂവ്‌മെന്റ്‌ ഇൻ കേരള എന്ന പുസ്‌തകത്തിൽ രണ്ടാം വാള്യത്തിൽ 345, 346 പേജുകളിൽ ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്‌.

മഹാരാജാവ്‌ രാമവർമയുടെ പ്രതിമയാണ്‌ തൃശൂർ കോർപറേഷനു മുന്നിൽ സ്ഥാപിച്ചിട്ടുള്ളത്‌. പൂരം ചടങ്ങിൽ ചരിത്രപ്രസിദ്ധമായ തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനുംശേഷം ഈ രാജപ്രതിമയെ വലംവച്ചാണ്‌ ഇരുവിഭാഗങ്ങളും ക്ഷേത്രങ്ങളിലേക്ക്‌ മടങ്ങുക.

നവോത്ഥാന പോരാട്ടങ്ങളുടെ തുടർച്ചയായി പിന്നീട്‌ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷമാണ്‌ ക്ഷേത്രത്തിൽ കയറാനും പൂരപപ്പറമ്പിലെത്താനും അവർണർക്ക്‌ അനുമതി ലഭിച്ചത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!