യുവാവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അയല്‍ക്കാരി; മുളകുപൊടി വിതറി ആക്രമണം

തൊടുപുഴ: ഇഞ്ചിയാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.
കൊച്ചിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേരാനല്ലൂര്‍ ചൂതപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുരളിപ്പറമ്പില്‍ ശ്രീജിത്ത് (25) എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്.
അയല്‍പക്കത്തെ മില്‍ഖ ക്വട്ടേഷന്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇഞ്ചയാനി പുറക്കാട്ട് ഓമനക്കുട്ട (44)നെ ആക്രമിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഓമനക്കുട്ടനുമായി അയല്‍ക്കാരിയായ മില്‍ഖയ്ക്ക് നിരവധി കാര്യങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനാല്‍ ഓമനക്കുട്ടനെ ആക്രമിക്കാനായി ഇവര്‍, പ്രതികള്‍ക്ക് റമ്പാന്‍ എന്ന് വിളിക്കുന്ന ഗുണ്ടവഴി 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി.
കാല്‍ തല്ലിയൊടിക്കണമെന്നാവശ്യപ്പെട്ടാണ് പണം നല്‍കിയത്. പതിവിലും താമസിച്ച് പ്രഭാതസവാരിക്ക് ഇറങ്ങിയതിനാല്‍ ആക്രമികളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. വഴിയരികില്‍ കാത്തുനിന്ന പ്രതികള്‍ മുളകുപൊടി വിതറി ഓമനക്കുട്ടനെ ആക്രമിച്ചെങ്കിലും അദ്ദേഹം എതിര്‍ത്തുനിന്നു.
ഇതോടെ, ഇവര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. പ്രതികളുെട സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അയല്‍വാസികള്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് ഓമനക്കുട്ടന്റെ കുടുംബം ആരോപിച്ചതോടെ അവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ഓമനക്കുട്ടന്‍ പ്രഭാത സവാരിക്കിറങ്ങിയ വിവരം ക്വട്ടേഷന്‍ പാര്‍ട്ടിയെ മില്‍ഖ ഫോണില്‍ വിളിച്ചറിയിച്ചതിന് തെളിവുകള്‍ തൊടുപുഴ ഡി.വൈ.എസ്.പി. മധു ബാബുവിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിേശാധനയിലാണ് ക്വട്ടേഷന്‍ സംഘത്തെ കുടുക്കിയത്.
ചേരാനെല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാരായ അനീഷ്, വിനീഷ് എന്നിവരുടെ സഹായത്തോടെ, ചേരാനെല്ലൂരില്‍വച്ച് പ്രതികളെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ ഇരുചക്രവാഹനത്തില്‍നിന്നും ആക്രമണത്തിന് ഉപയോഗിച്ച മുളകുപൊടിയുടെ ബാക്കി കണ്ടെടുത്തു.
ആക്രമണത്തിന് ഉപയോഗിച്ച ലിവര്‍ സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിരുന്നു. ക്വട്ടേഷന്‍ നല്‍കിയ മില്‍ഖ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.