ആസ്പത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിയ പ്രതിയും സഹോദരനും ഡോക്‌ടറെ ആക്രമിച്ചു, പോലീസുകാരനും പരിക്ക്

തിരുവനന്തപുരം: ഡോക്‌ടർക്ക് നേരെ വൈദ്യപരിശോധനയ്ക്ക് എത്തിയ പ്രതിയുടെ ആക്രമണം. ഫോർട്ട് താലൂക്ക് ആസ്പത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ആക്രമണത്തിൽ തമ്പാനൂർ സ്റ്റേഷനിലെ പൊലീസ് ഓഫീസർക്കും പരിക്കേറ്റു.ഇന്നലെ വൈകുന്നേരം പ്രതി വിവേക് മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.തുടർന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം.
വിവേകിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആസ്പത്രിയിലെത്തിയ സഹോദരൻ വിഷ്ണു ഡോക്‌ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാനെത്തിയ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്. ഐയെയും ആക്രമിച്ചു. ആസ്പത്രിയിലെ ഉപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തിനിരയായ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം ഇരുവരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു.മദ്യപിച്ച് ആക്രമണങ്ങൾ നടത്തുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം വെള്ളറടയിൽ മദ്യപിച്ചെത്തിയയാൾ പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ചു. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശിയായ സനൽ(47) ആണ് ആക്രമണം നടത്തിയത്.
ഭാര്യയുമായുള്ള തർക്കമാണ് പ്രതിയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ച് വീട്ടിലെത്തിയ സനൽ ഭാര്യ നയനയുമായി വഴക്കിടുകയായിരുന്നു.
തർക്കത്തിന് പിന്നാലെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്തും ദേഹത്തും പ്രതി തിളച്ച എണ്ണ ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റതിന് പിന്നാലെ നയനയെ മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത സനലിനെ കോടതി റിമാൻഡ് ചെയ്തു.