പ്രവാസി വ്യവസായിയുടെ ദുരൂഹ മരണം, കാണാതായത് 595 പവന്‍; യുവതിയുടെ ആഡംബര വീട്ടില്‍ പോലീസ് പരിശോധന

Share our post

കാസര്‍കോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണത്തിന് പിന്നാലെ 595 പവന്‍ കാണാതായ സംഭവത്തില്‍ യുവതിയുടെ വീട്ടില്‍ പോലീസ് പരിശോധന.

ഉദുമ മാങ്ങാട് കൂളിക്കുന്നിലുള്ള യുവതിയുടെ ആഡംബരവീട്ടിലാണ് ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

മെറ്റല്‍ ഡിക്ടറ്റര്‍ അടക്കമുള്ള ഉപകരണങ്ങളുമായി കാസര്‍കോട്ടുനിന്നുള്ള പ്രത്യേക സംഘവും ബേക്കല്‍ പോലീസിനെ സഹായിക്കാന്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതോടെ തുടങ്ങിയ പരിശോധന മൂന്നുമണിക്കൂറോളം നീണ്ടു.

തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് വിസമ്മതിച്ചു. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ എസ്.ഐ. ജോണ്‍, രേഷ്മ, സൗമ്യ, രഘു, മനോജ്, സുഭാഷ് എന്നിവരും കാസര്‍കോട്ടുനിന്നുള്ള പോലീസുകാരും വീട് പരിശോധിച്ച സംഘത്തിലുണ്ടായിരുന്നു.

എം.സി. ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മില്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഈ യുവതിയുടെയും ഭര്‍ത്താവിന്റെയും പേര് പരാമര്‍ശിച്ചിരുന്നു. കൂറ്റന്‍ മതില്‍ക്കെട്ടും ചുറ്റും സി.സി.ടി.വി. ക്യാമറകളും അകത്തളം അറബിക് മാതൃകയില്‍ ക്രമീകരിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് മാസങ്ങള്‍ക്ക് മുന്‍പാണ് നടന്നത്.

ഏപ്രില്‍ 14-ന് പുലര്‍ച്ചെയാണ് ഫറൂഖിയ മസ്ജിദിന് സമീപം ബൈത്തുല്‍ റഹ്‌മയിലെ എം.സി. ഗഫൂര്‍ ഹാജിയുടെ (55) മൃതദേഹം സ്വന്തം വീട്ടില്‍ കണ്ടെത്തിയത്. മരണസമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു.

സ്വാഭാവികമരണമെന്നനിലയില്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് അന്നുതന്നെ കബറടക്കുകയും ചെയ്തു. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍നിന്ന് 595 പവന്‍ നഷ്ടപ്പെട്ടത് വീട്ടുകാര്‍ തിരിച്ചറിഞ്ഞതോടെയാണ് സംശയമുള്ള രണ്ട് പേരുകള്‍ സൂചിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്.

ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്നാണ് യുവതിയുടെ ആഡംബരവീട്ടില്‍ പോലീസ് പരിശോധന നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!