മേയ് ദിനത്തിൽ കാഞ്ഞിരപ്പുഴ ശുചീകരിക്കും; ആയിരങ്ങൾ അണിനിരക്കും

പേരാവൂർ: വലിച്ചെറിയൽ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പേരാവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിലൂടെ കാഞ്ഞിരപ്പുഴ ശുചീകരിക്കും.
അടിച്ചൂറ്റിപ്പാറ മുതൽ മടപ്പുരച്ചാൽ പാലം വരെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ആറുകിലോമീറ്റർ ദൂരമാണ് മേയ് ഒന്നിന് ശുചീകരിക്കുക.
ശ്രീകൃഷ്ണക്ഷേത്രം ഭാഗത്തെ പുഴയോരത്ത് പകൽ 2 ന് അഡ്വ. സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.പി. വേണുഗോപാലൻ അദ്ധ്യക്ഷനാകും.പുഴ ശുചീകരണത്തിന് മുന്നോടിയായി പുഴ കടന്നുപോകുന്ന ആറു വാർഡുകളിലെ ശുചിത്വ പുഴയോര ഗ്രാമസഭകൾ വിളിച്ചുചേർത്തു.
കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ട് പുഴയോര ഗ്രാമസഭകൾ ശ്രദ്ധേയമായി. പുഴ ശുചീകരണത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്തുകളും അറിയിപ്പുകളും വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ, യുവജന, വ്യാപാരി, തൊഴിലാളി സംഘടനകൾ എന്നിവർക്ക് കൈമാറി.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ്മസേന പ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ ഭരണസമിതി അംഗങ്ങൾ ഉൾപ്പെടെ ശുചീകരണത്തിൽ പങ്കെടുക്കും.
പങ്കെടുക്കുന്നവർക്ക് സുരക്ഷാഉപാദികൾ, ലഘു ഭക്ഷണം, മാലിന്യ ശേഖരിക്കാൻ ചാക്കുകൾ, ശേഖരിക്കുന്ന മാലിന്യം ഒരു സ്പോട്ടിൽ എത്തിക്കാൻ വാഹനം എന്നിവ ഉൾപ്പെടെ സജ്ജമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ പറഞ്ഞു.