തിരുവനന്തപുരം: നഗരമദ്ധ്യത്തിലെ സ്കൂൾ വളപ്പിന്റെ ചുവരിലൊന്നിൽ പൂത്തുലഞ്ഞുനിൽക്കുന്ന കഞ്ചാവ് ചെടിയുടെ ചിത്രം. അതിനോട് ചേർന്ന് നിരവധി സമൂഹമാദ്ധ്യമ ലിങ്കുകൾ. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങളിൽ വിവിധതരം ലഹരികളെയും അവ ആസ്വദിക്കേണ്ട വിധങ്ങൾ വിശദീകരിക്കുന്ന വീഡിയോകളുടെ കലവറകളിലേക്കുള്ള ചൂണ്ടുപലകയാണിത്.
നഗരത്തിലെ പ്രമുഖ സ്കൂളിൽ കഴിഞ്ഞ അദ്ധ്യയന വർഷത്തിലാണ് ലഹരിമാഫിയ വേരുറപ്പിച്ചതിന്റെ തെളിവുകൾ പ്രകടമായത്. ക്ളാസ് കട്ട് ചെയ്ത് ഒറ്റയ്ക്കും കൂട്ടായും പുറത്തുപോയ കുട്ടികളിൽ ചിലരെ അതിസാഹസികമായാണ് ഡി.അഡിക്ഷൻ ചികിത്സകളിലൂടെ ലഹരിയിൽ നിന്ന് മോചിപ്പിച്ചതെങ്കിലും കുഞ്ഞുങ്ങളുടെ ഭാവി തുലയ്ക്കുന്ന ലഹരി മാഫിയയുടെ തായ് വേരറുക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
മാഫിയയ്ക്കെതിരായ അന്വേഷണത്തിൽ സ്കൂൾ അധികൃതരും പി.ടി.എയും രക്ഷിതാക്കളും കാട്ടുന്ന കുറ്റകരമായ അനാസ്ഥയും അലംഭാവവുമാണ് ഇവയ്‌ക്ക് കൂച്ചുവിലങ്ങിടാൻ തടസം.നഗരത്തിലെ പ്രധാന സ്കൂളിനുള്ളിലെ ഈ ചുവരെഴുത്ത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മിക്ക സ്കൂളുകളിലും ടോയ്‌ലെറ്റിലും ക്ളാസ് റൂമുകളിലെ ഡോറുകൾക്ക് പിന്നിലും പഠനത്തിനായുള്ള ബോർഡുകളിൽ പോലും ഇത്തരം ലിങ്കുകളും ലഹരി വസ്തുക്കളുടെ കോഡുകളും കോറിയിട്ടിട്ടുണ്ട്.
സ്കൂളുകളുടെ സത്പേരിന് കളങ്കമുണ്ടാകുമെന്ന് കരുതിയും ലഹരി മാഫിയയെ ഭയന്നും സ്കൂൾ അധികൃതരോ, പി.ടി.എ കമ്മിറ്റിയോ വിവരങ്ങൾ യഥാസമയം പൊലീസിനെ അറിയിക്കില്ല. ക്ളാസ് കട്ട് ചെയ്യുന്ന വിദ്യാർത്ഥികളെപറ്റിയുള്ള വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. നഗരത്തിൽ സംശയനിഴലിലുള്ള സ്കൂളിൽ ലഹരി മാഫിയ ബന്ധമുള്ളതായി പൊലീസും എക്സൈസും കണ്ടെത്തിയ കുട്ടികൾ പോലും സ്കൂൾ രേഖകളിൽ നൂറ് ശതമാനം ഹാജരാണ്.
സ്കൂളിന് പേരുദോഷമുണ്ടാക്കരുതെന്നോ ലഹരിമാഫിയയെ ഭയന്നോ അദ്ധ്യാപകരും പി.ടി.എയും നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കുന്നത് മാഫിയ സംഘങ്ങളുടെ വളർച്ചയ്ക്കാണ് വഴിവയ്ക്കുന്നത്.ഡി.അഡിക്ഷൻ സെന്ററുകളിലെത്തിച്ചത് 150 കുട്ടികളെസ്കൂളിലോ പുറത്തോ ഉള്ള സീനിയർ വിദ്യാർത്ഥികൾക്കൊപ്പം കൂട്ടുകൂടിയും സമൂഹമാദ്ധ്യമങ്ങളിലെ ഫ്രണ്ട്ഷിപ്പും വഴിയും ലഹരിനുണഞ്ഞുതുടങ്ങുന്നവരെ കെണിയിലകപ്പെട്ടശേഷമാകും വീട്ടുകാരുൾപ്പെടെ തിരിച്ചറിയുക.
സ്കൂൾ യൂണിഫോം കൂടാതെ മറ്റൊരു ജോഡി വസ്ത്രവും ബാഗിൽ കരുതിയാണ് ഇത്തരക്കാർ സ്കൂളിലെത്തുക. ക്ളാസ് കട്ട് ചെയ്തോ സ്കൂൾ സമയം കഴിഞ്ഞോ നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തി യൂണിഫോം മാറ്റി സിവിൽ ഡ്രസിൽ സുഹൃത്തുക്കൾക്കൊപ്പം ഇരുചക്രവാഹനങ്ങളിൽ ബീച്ചുകളിലും സുരക്ഷിത സ്ഥലങ്ങളിലുമെത്തി ലഹരി ആസ്വദിക്കുന്നതാണ് രീതി.
ഇത്തരത്തിൽ ലഹരിവലയിൽപ്പെട്ട പെൺകുട്ടികളടക്കം 150 ഓളം കുട്ടികളെയാണ് കഴിഞ്ഞ വർഷം എക്സൈസും പൊലീസും പലഘട്ടങ്ങളിലായി ഡി.അഡിക്ഷൻ സെന്ററുകളിലെത്തിച്ച് ചികിത്സയ്ക്ക് വിധേയരാക്കിയത്.
ലഹരി മാഫിയയെ തളയ്ക്കാൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂളുകളിൽ പതിവായി മുടങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാൻ പദ്ധതി ആവിഷ്കരിക്കും.
ഹാജർ നില ഓൺ ലൈൻ മുഖേന പൊലീസിന് കൈമാറിയാൽ ക്ളാസ് കട്ട് ചെയ്യുന്നവരെ കണ്ടെത്താനും ലഹരിമാഫിയയെ പിടികൂടാനുമാകും . സ്കൂൾ തുറക്കുംമുമ്പ് നഗരത്തിലെ സ്കൂൾ മാനേജ് മെന്റുകളുടെയും പി.ടി.എ പ്രതിനിധികളുടെയും യോഗം വിളിക്കാൻ പൊലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.- സി.എച്ച്. നാഗരാജു. സിറ്റി പൊലീസ് കമ്മിഷണർ.