കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മലയാളി യുവതി മരിച്ചു

കോയമ്പത്തൂർ: കോടതി വരാന്തയിൽ വച്ച് ലോറി ഡ്രൈവറായ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു.
മലയാളിയും രാമനാഥപുരം കാവേരി നഗർ സ്വദേശിയുമായ കവിത എന്ന മുപ്പത്താറുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ഭർത്താവ് നാൽപ്പത്തിരണ്ടുകാരനായ ശിവകുമാർ പൊലീസ് കസ്റ്റഡിയിലാണ്.ഇക്കഴിഞ്ഞ മാർച്ച് 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് മുന്നിൽ വച്ചായിരുന്നു സംഭവം.
കവിതയും ശിവകുമാറും വർഷങ്ങൾക്ക് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്. തുടർന്നാണ് തമിഴ്നാട്ടിൽ എത്തിയത്.
അടുത്തിടെ ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് കവിതയെ ശിവകുമാർ ആക്രമിച്ചത്.
ആസിഡ് ഒഴിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും അഭിഭാഷകരും ചേർന്നാണ് പിടികൂടിയത്. കവിതയ്ക്ക് എൺപതുശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ശിവകുമാറിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.