ശ്രീനിധിയെന്ന അമൂല്യനിധി

പയ്യന്നൂർ : സ്വപ്ന സാക്ഷാത്കാരത്തിന്റെ ത്രില്ലിലാണ് ശ്രീനിധിയെന്ന സെറിബ്രൽ പാൾസി ബാധിച്ച 20 വയസ്സുള്ള ഭിന്നശേഷിക്കാരൻ. ക്വാഡ്രാ പ്ലീജിക് സിവിയർ ആയ ശ്രീനിധിയുടെ ഡിസെബിലിറ്റി 80 ശതമാനത്തിനടുത്താണ്.
എന്നാൽ ഇതൊന്നും ശ്രീനിധിയെ തളർത്തിയില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വയംപര്യാപ്തരാകാനുള്ള സാങ്കേതിക പരിശീലനം ലഭ്യമാക്കുകയെന്ന മഹത്തായ സ്വപ്നവുമായി മുന്നോട്ടുപോകുകയാണ് ശ്രീനിധി.
പയ്യന്നൂർ ∙ സ്വപ്ന സാക്ഷാത്കാരത്തിന്റെ ത്രില്ലിലാണ് ശ്രീനിധിയെന്ന സെറിബ്രൽ പാൾസി ബാധിച്ച 20 വയസ്സുള്ള ഭിന്നശേഷിക്കാരൻ. ക്വാഡ്രാ പ്ലീജിക് സിവിയർ ആയ ശ്രീനിധിയുടെ ഡിസെബിലിറ്റി 80 ശതമാനത്തിനടുത്താണ്. എന്നാൽ ഇതൊന്നും ശ്രീനിധിയെ തളർത്തിയില്ല.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വയംപര്യാപ്തരാകാനുള്ള സാങ്കേതിക പരിശീലനം ലഭ്യമാക്കുകയെന്ന മഹത്തായ സ്വപ്നവുമായി മുന്നോട്ടുപോകുകയാണ് ശ്രീനിധി.
ഇതിനായി തയാറാക്കിയ സാങ്കേതിക പരിശീലന പദ്ധതിയാണ് എസ്ആർ ടോക്സ്. താൻ മുൻകയ്യെടുത്ത് ഓൺലൈനിൽ ആരംഭിച്ച ഈ സ്ക്രീൻ റീഡർ ടാസ്കിന്റെ (എസ്ആർ ടോക്സ്) സാങ്കേതിക പരിശീലന പദ്ധതിയുടെ ക്യാംപ് പൂർത്തീകരിച്ച ത്രില്ലിലാണ് ശ്രീനിധി ഇപ്പോൾ.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സോഫ്റ്റ്‌വെയറുകളിൽ ഉൾപ്പെടെ വിദഗ്ധ പരിശീലകർ എസ്ആർ ടോക്സിലൂടെ മാസങ്ങളായി പരിശീലനം നൽകുന്നുണ്ട്.
ഓൺലൈനിൽ നടന്നുവന്ന പരിശീലനക്കളരിയെ ഓഫ് ലൈൻ ക്യാംപാക്കി മാറ്റിയെടുത്തു ഈ ഭിന്നശേഷിക്കാരൻ. പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി കണ്ണാസ്പത്രിയും കൊക്കാനിശ്ശേരി ജേസീസും സഹായിച്ചപ്പോൾ ശ്രീനിധിയുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേഗം കൂടി. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ചക്ഷുമതി എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെയാണ് ക്യാംപ് ഒരുക്കിയത്.
ഓൺലൈൻ പരിശീലനം
എസ്ആർ ടോപ് എന്ന വാട്സാപ് കൂട്ടായ്മയിലൂടെ കണ്ടെത്തിയ ഭിന്നശേഷിക്കാർക്ക് ഓൺലൈനിലൂടെ കംപ്യൂട്ടർ പരിശീലനം നൽകി വന്നപ്പോൾ ഈ കൂട്ടായ്മയുടെ പ്രസിഡന്റായ ശ്രീനിധിക്ക് ഇവരെയെല്ലാം ഒരുമിച്ചിരുത്തി കംപ്യൂട്ടർ പരിശീലന ക്യാംപ് നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൊക്കാനിശ്ശേരി ജേസീസ് പിന്തുണച്ചതോടെ ഇതു യാഥാർഥ്യമായി.
രണ്ടര ലക്ഷത്തിലധികം രൂപ ചെലവു വന്ന പദ്ധതിക്ക് ജേസീസ് പ്രസിഡന്റും ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി ഉടമയുമായ മുകേഷ് അത്തായി തയാറായപ്പോൾ ശ്രീനിധി വീൽ ചെയറിലിരുന്ന് അതിനു നേതൃത്വം നൽകി. കൂട്ടായ്മയുടെ തിരുവല്ലയിലുള്ള അഡ്മിനെയും സെക്രട്ടറി അനന്തുവിനെയും ട്രെയിനർ അതുലിനെയും ബന്ധപ്പെട്ട് ക്യാംപിനുള്ള ഒരുക്കം തുടങ്ങി.
5 ദിവസം ക്യാംപ്
കേരളത്തിലങ്ങോളമിങ്ങോളമുള്ള 32 ഭിന്നശേഷിക്കാർ പയ്യന്നൂർ ഐഎംഎ ഭവനിലൊരുക്കിയ 5 ദിവസത്തെ ക്യാംപിൽ പങ്കെടുക്കുന്നു. ക്യാംപ് ഇന്നു സമാപിക്കും. 32 പേരും ഇന്നു പിരിഞ്ഞു പോകുമ്പോൾ ശ്രീനിധി ഹാപ്പിയാണ്. ആർക്കും ഒരുക്കാൻ കഴിയാത്ത ഒരു അപൂർവ ഒത്തുചേരലിന് വേദിയൊരുക്കുകയും 5 ദിവസം വളരെ സന്തോഷത്തോടെ, വിജയകരമായി ക്യാംപ് പൂർത്തിയാക്കാനും കഴിഞ്ഞതിലുള്ള ചാരിതാർഥ്യം ഈ മുഖത്തുണ്ട്.
സാമ്പത്തിക ശേഷിയില്ലാത്ത 10 കുട്ടികൾക്കെങ്കിലും ലാപ്ടോപ്പുകൾ നൽകണമെന്ന സ്വപ്നം കൂടിയുണ്ട് ശ്രീനിധിക്ക്. അതിന് സ്പോൺസറെ കിട്ടുമോ എന്ന അന്വേഷണത്തിലാണ് ജീവിതത്തെ കുറിച്ച് ശുഭപ്രതീക്ഷ മാത്രമുള്ള ഈ വിദ്യാർഥി. ചെറുതാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ശ്രീനിധിയുടെ പഠനം വീട്ടിൽ നിന്നാണ്. ഒട്ടേറെ ശസ്ത്രക്രിയകൾ കഴിഞ്ഞതിനാൽ പലപ്പോഴും കിടപ്പിൽ തന്നെയാണ് ശ്രീനിധി.
പെരിങ്ങോം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ ടി.വി.മാധവന്റെയും ലളിതാംബികയുടെയും മകനാണ്. പ്ലസ് വൺ വിദ്യാർഥിയായ ശ്രീവർദ്ധൻ സഹോദരനാണ്. ബിഎസ്ഡബ്ല്യു പൂർത്തിയാക്കി സാമൂഹിക പ്രവർത്തനം പ്രഫഷനാക്കാനാണ് ശ്രീനിധിയുടെ സ്വപ്നം. കുടുംബവും കൂട്ടുകാരും സദാ സന്നദ്ധരായി കൂട്ടിനുള്ളപ്പോൾ അതു സാധ്യമാണെന്നു തന്നെ ശ്രീനിധി വിശ്വസിക്കുന്നു.