കണ്ണൂരിന്റെ ദൃശ്യഭംഗി വിളിച്ചോതുന്ന സിനിമ ‘മാക്കൊട്ടൻ’ റിലീസ് ഇന്ന്

ഇരിട്ടി: പാലയോട്, ഇരിട്ടി, എടക്കാനം, തില്ലങ്കേരി, തുടിമരം തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരിച്ച ബിജുക്കുട്ടൻ ആദ്യമായി പ്രധാനവേഷം ചെയ്യുന്ന മാക്കൊട്ടൻ ഏപ്രിൽ 28 ന് വെള്ളിയാഴ്ച തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.
1948 കാലം പറഞ്ഞത് എന്ന സിനിമക്ക് ശേഷം രാജീവ്നടുവനാട് സംവിധാനം ചെയ്ത് ഹാസ്യതാരം ബിജുക്കുട്ടൻ ആദ്യമായി നായനാകുന്ന സിനിമയാണ് മാക്കൊട്ടൻ.
ശിവദാസ് മട്ടന്നൂർ, പ്രാർത്ഥന പി നായർ, ഗായത്രി സനൽ, മുരളികൃഷ്ണൻ, അശോകൻ അകം, ധ്യാൻ കൃഷ്ണ, എന്നിവരോടൊപ്പം മട്ടന്നൂർ – ഇരിട്ടി പ്രദേശങ്ങളിലെ നിരവധി നാടക കലാകാരൻമാർ ഉൾപ്പെട്ട നടീനടൻമാർ വേഷമിടുന്നു.
രമ്യം ക്രിയേഷന്റെ ബാനറിൽ സി. പ്രശാന്ത് കുമാർ ആണ് നിർമ്മാണം. കുറച്ചുകാലമായി സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനുകളായി മാറിയ ഇരിട്ടി, എടക്കാനം പുഴയോരങ്ങളുടെ പ്രകൃതി സൗന്ദര്യവും, മലയും, പുഴയും നിറഞ്ഞ കണ്ണൂരിന്റെ ദൃശ്യഭംഗി പകർത്തി ഒരുക്കിയ മൂന്ന് ഗാനങ്ങളും ഉൾപ്പെടുത്തിയാണ് മാക്കൊട്ടൻ ചിത്രീകരിച്ചിരിക്കുന്നത്. ഡോ: സുനിരാജ് കശ്യപ് തിരക്കഥയും കാക്കയങ്ങാട് സ്വദേശി ജിനീഷ് മംഗലാട്ട് ക്യാമറയും ചെയ്തിരിക്കുന്നു.
അജേഷ് ചന്ദ്രൻ, സുനിൽകല്ലൂർ, ബാബുമാനുവൽ എന്നിവരുടെ വരികൾക്ക് ഷൈൻ വെങ്കിടങ്ങ്, അനുശ്രീ പുന്നാട് എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്.
ബിജുക്കുട്ടൻ, രതീഷ് മേപ്പയൂർ, ജയദേവ്,അനുശ്രീ എന്നിവരാണ് ഗായകർ. എഡിറ്റിംഗ് ഹരി ജി നായർ. ആർട്ട് ഷാജി മണക്കായി. മേക്കപ്പ് പ്രജി – രനീഷ്. കോസ്റ്റ്യൂം ബാലൻ പുതുക്കുടി.
മാതാപിതാക്കളുടെ വേര്‍പിരിയലിന് ശേഷം, സഹോദരന്റെ സംരക്ഷണം ഏറ്റെടുക്കേണ്ടിവന്ന കണ്ണ് എന്ന പെണ്‍ക്കുട്ടിയുടെ കഥ പറയുകയാണ് മാക്കൊട്ടന്‍ എന്ന ചിത്രം. കണ്ണൂരില്‍ തൊട്ടടയിലുള്ള പന്ത്രണ്ട് കാരി പ്രാര്‍ത്ഥനാ നായരാണ് കണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.