തീപ്പിടിച്ച പ്ലൈവുഡ് മാലിന്യക്കൂനയില്‍ വീണ് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ മാലിന്യക്കൂനയില്‍ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മട്ടിയാര്‍ റഹ്‌മാന്‍ മണ്ഡലിന്റെ മകന്‍ നസീര്‍ ഹുസൈന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.
മാലിന്യത്തില്‍നിന്ന് പുക ഉയരുന്നതു കണ്ട് വെള്ളം ഒഴിക്കാനായി ശ്രമിക്കുമ്പോഴാണ് പുകഞ്ഞുകൊണ്ടിരുന്ന മാലിന്യത്തില്‍ പൂണ്ടുപോയത്.
വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. ഫാക്ടറിക്കു പിന്നില്‍ അന്‍പതടിയോളം താഴ്ചയുള്ള ഭാഗത്ത് പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്.
ഇതിനാണ് തീപ്പിടിച്ചത്. അഗ്‌നിരക്ഷാ സേന, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് രാത്രി വൈകുംവരെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അപകടത്തില്‍പ്പെട്ട നസീര്‍ ഹുസൈന്‍ ഒരാഴ്ച മുന്‍പാണ് ഇവിടെ ജോലിക്കെത്തിയത്. ഓടയ്ക്കാലി പാച്ചുപിള്ളപ്പടി സ്വദേശി ടി.പി. മുഹമ്മദിന്റേതാണ് സ്ഥാപനം.
ഫാക്ടറിക്ക് ലൈസന്‍സ് ഉള്ളതായാണ് വിവരമെങ്കിലും നിയമങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തനമെന്ന് നാട്ടുകാരുടെ പരാതിയുണ്ട്.