പോക്സോ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും

അടൂർ: പോക്സോ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് സമീർ.എ ആണ് ശിക്ഷ വിധിച്ചത്.
അടൂർ ആനന്ദപള്ളി കോത്തല മുരുപ്പേൽ പടിഞ്ഞാറ്റേതിൽ താമസിക്കുന്ന കുരമ്പാല കടക്കാട് തെക്കേ തെരുവിൽ അൻസാരി (48) ആണ് കുറ്റവാളി.2022 മേയ് 27നാണ് കേസിനാസ്പദമായ സംഭവം.
12 വയസുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടിയാണ് ഇരയായത്. വീടുപണിക്കിടെ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട് അടുക്കളയിൽ എത്തിയ അൻസാരി കുട്ടി തനിച്ചാണെന്ന് മനസിലാക്കി പീഡിപ്പിക്കുകയായിരുന്നു.
അടൂർ പൊലീസ് പോക്സോ നിയമ പ്രകാരവും പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തു.
പിഴ അടക്കാതിരുന്നാൽ 22 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും പിഴ തുക അടയ്ക്കുന്ന പക്ഷം ഒരു ലക്ഷം രൂപ കുട്ടിക്ക് നൽകണമെന്നും വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അടൂർ ഡിവൈ.എസ്.പി ആയിരുന്ന ആർ.ബിനുവാണ് അന്വേഷണം നടത്തിയത്.
പ്രോസീക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു. വിവിധ വകുപ്പുകളിലായി 14 വർഷം ശിക്ഷയുണ്ടങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതിനാൽ 5 വർഷം കഠിനതടവ് ഒന്നിച്ചനുഭവിച്ചാൽ മതിയാകും. പ്രോസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ.സ്മിത ജോൺ.പി ഹാജരായി.