ഉയര്‍ന്ന പെന്‍ഷന്‍: കുടിശ്ശികയിലും വിഹിതത്തിലും വ്യക്തതവരുത്താതെ ഇ.പി.എഫ്.ഒ

Share our post

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം. വ്യക്തതയില്ലാത്ത സര്‍ക്കുലറുകളും നിര്‍ദേശങ്ങളും ഇതിനകം ജീവനക്കാരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

കോടതി ഉത്തരവ് പാലിക്കാന്‍ ഇ.പി.എഫ്ഒ തിരക്കിട്ട് നീക്കം നടത്തുമ്പോള്‍ കുടിശ്ശിക, ഇ.പി.എസ് വിഹിതം എന്നിവ സംബന്ധിച്ച് വ്യക്തതവരുത്താത്തതാണ് ആശങ്കയ്ക്ക് പിന്നില്‍.

നേട്ടമുണ്ടോയെന്ന് വിശകലനം ചെയ്യാന്‍ കഴിയാതെ, തുക എത്രയെന്നറിയാതെ പെന്‍ഷന്‍ സ്‌കീമിലേയ്ക്കുള്ള കുടിശ്ശിക ഇ.പി.എഫ് നിക്ഷേപത്തില്‍നിന്ന് ഈടാക്കുന്നതിന് ഇ.പി.എഫ്ഒയ്ക്ക് അനുമതി നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്.

ഇ.പി.എഫ് അക്കൗണ്ടില്‍നിന്ന് ഇ.പി.എസ് അക്കൗണ്ടിലേയ്ക്ക് മാറ്റുകയോ അല്ലെങ്കില്‍ ജീവനക്കാരന്‍ ഇ.പിഎസ് അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കുകയോ ചെയ്യണമെന്നാണ് വിജ്ഞാപനത്തിലുള്ളത്.

വിരമിക്കുമ്പോള്‍ ലഭിക്കേണ്ട സമ്പാദ്യത്തില്‍നിന്ന്, ഇനിയും എത്രയെന്ന് നിശ്ചയിക്കാത്ത തുക പെന്‍ഷന്‍ അക്കൗണ്ടിലേയ്ക്ക് മാറ്റേണ്ടിവരുന്ന സാഹചര്യമാണുള്ളത്.

പുതിയ വ്യവസ്ഥ പ്രകാരം ഇത് നിശ്ചയിച്ചുകഴിഞ്ഞാല്‍ ഭാവിയില്‍ അത് ഗുണകരമാണോയെന്ന് വിലയിരുത്തി പുതിയതില്‍ തുടരണോയെന്ന് തീരുമാനമെടുക്കാന്‍ കഴിയുമോയെന്നകാര്യവും വ്യക്തമാക്കിയിട്ടില്ല.

പുതിയ രീതിയില്‍ വ്യക്തതവന്നതിനുശേഷം കുടിശ്ശികയും വിഹിതവും ജീവനക്കാരന് സ്വീകാര്യമായില്ലെങ്കില്‍ പിന്മാറാന്‍ കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം. ഇതേക്കുറിച്ചെല്ലാം ഇപിഎഫ്ഒ മൗനം പാലിക്കുകയാണ്.

പുതുക്കിയ ഇ.പി.എസ് വിഹിതം, പെന്‍ഷന്‍ കണക്കാക്കുന്ന രീതി എന്നിവ സംബന്ധിച്ച് ഇ.പി.എഫ്ഒ വ്യക്തമാക്കേണ്ടതുണ്ട്. ഇത് കണക്കാക്കി ജീവനക്കാര്‍ക്ക് തീരുമാനമെടുക്കാനുള്ള അവസരവും നല്‍കണം. യോജിച്ചതല്ലെന്ന് കണ്ടെത്തിയാല്‍ പിന്മാറാനും അനുവദിക്കണം.

കുടിശ്ശിക എടുക്കാനും ഉയര്‍ന്ന വിഹിതം ഈടാക്കാനുമുള്ള നടപിടകള്‍ ആരംഭിച്ചാല്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ ജീവനക്കാരെ അനുവിദിക്കുമോ?

നല്‍കിയ അപേക്ഷയില്‍ തിരുത്തലോ പോരായ്മയോ ഉണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് അത് പരിഹരിക്കുന്നതിനുള്ള അവസരം ലഭിച്ചേക്കാം. ഈ അവസരം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അപേക്ഷ നിരസിക്കുകയും ചെയ്‌തേക്കാം.

യോഗ്യതയുള്ള ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാനുള്ള സയപരിധി മെയ് മൂന്നിന് അവസാനിക്കും. അവസാന ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി ഇപിഎഫ്ഒ സര്‍ക്കുലര്‍ പുറപ്പെടുവിച്ചാലും വിശകലനം ചെയ്യാനും തീരുമാനമെടുക്കാനും ജീവനക്കാര്‍ക്ക് മതിയായ സമയവും ലഭിക്കില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!