കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്‌: കേന്ദ്രസര്‍വീസില്‍ ഡോക്ടറാകാം, 1261 ഒഴിവുകള്‍

Share our post

കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസിലെ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനായി നടത്തുന്ന കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എക്സാമിനേഷന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 1261 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

എം.ബി.ബി.എസ്. യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂലായ് 16-നാണ് പരീക്ഷ നടക്കുക.

ഒഴിവുകള്‍: ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്)-584, അസിസ്റ്റന്റ് ഡിവിഷണല്‍ മെഡിക്കല്‍ ഓഫീസര്‍ (റെയില്‍വേ)-300, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ )1, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഗ്രേഡ്-II ( ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍)-376.

പ്രായം: ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസ്) തസ്തികയിലേക്ക് 35 വയസ്സ് കവിയാന്‍ പാടില്ല. മറ്റ് തസ്തികകളിലേക്ക് 32 വയസ്സില്‍ താഴെയായിരിക്കണം. 2023 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഉയര്‍ന്ന പ്രായ പരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

യോഗ്യത: എം.ബി.ബി.എസിന്റെ ഫൈനല്‍ എഴുത്ത്, പ്രാക്ടിക്കല്‍ പരീക്ഷകളില്‍ വിജയച്ചിരിക്കണം. പരീക്ഷ എഴുതാനുള്ളവര്‍ക്കും എഴുതിക്കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാമെങ്കിലും ഇവര്‍ നിര്‍ദിഷ്ട സമയത്തിനകം പാസായതിന്റെ രേഖ പിന്നീട് സമര്‍പ്പിക്കേണ്ടിവരും.

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി 500 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയും 100 മാര്‍ക്കിനുള്ള പേഴ്‌സണാലിറ്റി ടെസ്റ്റും ഉണ്ടാവും. ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലായിരിക്കും പരീക്ഷ. ഓരോ തെറ്റുത്തരത്തിനും മൂന്നിലൊന്ന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. എഴുത്തുപരീക്ഷയ്ക്ക് രണ്ട് പേപ്പറുകള്‍ (250 മാര്‍ക്ക് വീതം) ഉണ്ടാവും. ഒന്നാം പേപ്പര്‍ ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ് എന്നിവയുമായി ബന്ധപ്പെട്ടതും രണ്ടാം പേപ്പര്‍ സര്‍ജറി, ഗൈനക്കോളജി ആന്‍ഡ് ഒബ്സ്റ്റട്രിക്‌സ്, പ്രിവെന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ എന്നിവയുമായും ബന്ധപ്പട്ടതായിരിക്കും.

വിശദമായ സിലബസ് യു.പി.എസ്.സി. വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. ജൂലായ് 16-നായിരിക്കും പരീക്ഷ. രാജ്യത്താകെ 41 പരീക്ഷാകേന്ദ്രങ്ങളുണ്ടായിരിക്കും. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളായിരിക്കും.

അപേക്ഷാഫീസ്: വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 200 രൂപയാണ് ഫീസ്. ഓണ്‍ലൈനായോ എസ്.ബി.ഐ.ബ്രാഞ്ചുകളില്‍ പണമായോ ഫീസ് അടയ്ക്കാം.

അപേക്ഷ: www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒപ്പ്, ഫോട്ടോ എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന മാതൃകയില്‍ അപ്ലോഡ് ചെയ്യണം

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി: മേയ് 9 (വൈകീട്ട് 6 മണി). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.in-ല്‍ ലഭ്യമാണ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!