കാസർകോട്: പ്രവാസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നതിനെ തുടർന്ന് മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ഗൾഫിൽ വ്യാപാര ശൃംഖലയുള്ള പള്ളിക്കര കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ എം.സി അബ്ദുൽഗഫൂറി (55)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ പോസ്റ്റുമോർട്ടം ചെയ്തത്.
ഇതിനായി കാഞ്ഞങ്ങാട് ആർ.ഡി.ഒ ബേക്കൽ പൊലീസിന് അനുമതി നൽകിയിരുന്നു.കബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത മൃതദേഹം അതേസ്ഥലത്ത് വച്ചാണ് സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ്, ബേക്കൽ ഡി.വൈ.എസ്.പി സി.കെ സുനിൽകുമാർ, സി.ഐ യു.പി വിപിൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം ചെയ്തത്.
മൃതദേഹത്തിൽ നിന്ന് ശേഖരിച്ച ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി അയച്ചിട്ടുണ്ട്.അതിനിടെ പ്രവാസിയുടെ മരണത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മന്ത്രവാദിനിയെ ബേക്കൽ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ 14 ന് രാവിലെയാണ് അബ്ദുൽ ഗഫൂറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മക്കളുമായി തലേന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ മരണസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം കബറടക്കിയത്. മരണശേഷം വീട്ടിലുണ്ടായിരുന്ന 600 പവൻ സ്വർണം കാണാതായതിനെ തുടർന്നാണ് മരണവുമായി മറ്റു ചിലർക്ക് ബന്ധമുണ്ടോ എന്ന സംശയത്തിൽ വീട്ടുകാർ പരാതി നൽകിയത്. മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
മന്ത്രവാദിനി ഇദ്ദേഹത്തിന് ഒന്നര കോടി രൂപയുടെ കടമുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ വീട്ടിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന സ്ത്രീ മരിച്ച അബ്ദുൽ ഗഫൂറിനെ ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു എന്ന വിവരമാണ് ബന്ധുക്കളിൽ സംശയം ജനിപ്പിച്ചത്. 600 പവൻ നഷ്ടപ്പെട്ടതിന് ഈ സ്ത്രീക്ക് ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
ഈ മന്ത്രവാദിനിയെ കുറിച്ച് നേരത്തെയും ധാരാളം പരാതികൾ ഉണ്ടായിരുന്നുവെന്നും പറയുന്നുണ്ട്. ഗൾഫിൽ വിവിധയിടങ്ങളിൽ പങ്കാളിത്തമായും അല്ലാതെയും ഒട്ടേറെ സൂപ്പർ മാർക്കറ്റുകളുടെ ഉടമയായ അബ്ദുൽഗഫൂർ മൂന്നു മാസത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്.’എനിക്ക് പേടിയില്ല, അന്വേഷിക്കട്ടെ”എനിക്ക് പേടിയില്ലെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും ആരോപണ വിധേയയായ മന്ത്രവാദിനിയുടെ ശബ്ദസന്ദേശം അതിനിടെ പ്രചരിക്കുന്നുണ്ട്. ഞാൻ ജിന്നുമ്മയൊന്നും അല്ല.
എന്നെ കുറിച്ച് പ്രചരിക്കുന്നതെല്ലാം കളവാണ്. മരിച്ച ഗഫൂറുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാൽ ആരോപണങ്ങളിൽ പറയുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ല. പെരുന്നാളിന് കുട്ടികൾക്ക് വസ്ത്രം വാങ്ങിച്ചു കൊടുക്കാൻ പോലും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും സ്ത്രീ ശബ്ദസന്ദേശത്തിൽ പറയുന്നു.
പോസ്റ്റുമോർട്ടത്തിന് ശേഷം വിസറ ഉൾപ്പെടെ പരിശോധനക്ക് അയച്ചിട്ടുണ്ട്. മരണ കാരണം കണ്ടെത്തും. അതിനായി നല്ലരീതിയിൽ അന്വേഷണം ഉണ്ടാകും. ആരോപണ വിധേയയായ സ്ത്രീയുടെ ശബ്ദസന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പലരെയും ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്യുകയാണ്.യു.പി വിപിൻ, ബേക്കൽ ഇൻസ്‌പെക്ടർ