കുറിഞ്ഞി ക്ഷേത്രമുറ്റത്ത് തളിർക്കുന്നു മാനവികതയുടെ ഇലഞ്ഞിമരം

പയ്യന്നൂർ: മാമുക്കോയയുടെ ഓർമയ്‌ക്കായി പയ്യന്നൂരിൽ മാനവികതയുടെ ഇലഞ്ഞിമരം തളിർക്കും. 2018ൽ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിൽ പൂരക്കളി അരങ്ങേറ്റം ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് മാമുക്കോയ ഇലഞ്ഞിമരം നട്ടത്.
മതസൗഹാർദത്തിനായി എന്നും ശബ്ദിച്ച കലാകാരനായിരുന്നു മാമുക്കോയ. കേരള പൂരക്കളി കലാ അക്കാദമി കുറിഞ്ഞി യൂണിറ്റിന്റെ നേതൃത്വത്തിൽ കുറിഞ്ഞി ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച 75 കുട്ടികളുടെ പൂരക്കളി അരങ്ങേറ്റം ഉദ്‌ഘാടനംചെയ്യാനായിരുന്നു മാമുക്കോയ എത്തിയത്.
സി .കെ സജീഷ് രചിച്ച പൂരക്കളി പാട്ടുകളുടെ സമാഹാരമായ “പൂരമാല’ പ്രകാശനവും ചടങ്ങിനൊപ്പമുണ്ടായി. ഈ സന്ദർഭത്തിലാണ് പൂരക്കളി, മറുത്തുകളിയിലെ കാർഷിക സംസ്‌കൃതിയും പ്രകൃതി സംരക്ഷണവും മുൻനിർത്തി ക്ഷേത്ര പരിസരത്ത് ഒരു മരം നടണമെന്ന് സംഘാടകർ ആവശ്യപ്പെട്ടത്.
ആദ്യമായാണ് ഒരു അമ്പല കമ്മിറ്റി തന്നെ ഒരു ചടങ്ങ് ഉദ്ഘാടനംചെയ്യാൻ ക്ഷണിക്കുന്നതെന്നും ഈ നാട് അതിഥികളോട് കാണിക്കുന്ന സ്‌നേഹം വലുതാണെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
പരസ്‌പര സ്‌നേഹത്തിന്റെയും സർവമത സാഹോദര്യത്തിന്റെയും ഓർമയായി ഈ ഇലഞ്ഞിമരത്തിന്റെ പരിമളം നാടൊട്ടാകെ പരത്തട്ടെയെന്ന് ആശംസിച്ചാണ് മാമുക്കോയ ക്ഷേത്ര വളപ്പിൽ വൃക്ഷത്തൈ നട്ടത്.