കെ .എസ് .ആർ .ടി. സി കുതിച്ചു; 40 ലക്ഷം രൂപ പ്രതിദിന വരുമാനം

Share our post

കണ്ണൂർ : പരിമിതികളുടെ കിതപ്പിലും കുതിച്ചു ജില്ലയിൽ കെ .എസ് .ആർ .ടി. സി. ജില്ലയിൽ ആദ്യമായി പ്രതിദിന വരുമാനം 40 ലക്ഷം രൂപ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കെ .എസ് .ആർ .ടി. സി. ഇക്കഴിഞ്ഞ 24ന് 40,20,519 രൂപയാണു മൂന്നു ഡിപ്പോകളിലുമായി നേടിയത്.

ശരാശരി 30–35 ലക്ഷം രൂപയാണു പ്രതിദിന കലക്‌ഷൻ. കണ്ണൂർ ഡിപ്പോയിൽ 20,98,464 രൂപ, പയ്യന്നൂർ ഡിപ്പോയിൽ 10,56,621 രൂപ, തലശ്ശേരി ഡിപ്പോയിൽ 8,65,434 രൂപ എന്നിങ്ങനെയാണു വരുമാനം ലഭിച്ചത്. ആകെ 902 ട്രിപ്പുകളാണ് 3 ഡിപ്പോകളിലുമായി ഓപ്പറേറ്റ് ചെയ്തത്.

കണക്ക് ഈ വിധം

കണ്ണൂർ ഡിപ്പോയിൽ 117 ശതമാനവും പയ്യന്നൂർ ഡിപ്പോയിൽ 82 ശതമാനവും തലശ്ശേരി ഡിപ്പോയിൽ 71 ശതമാനവും കലക്ഷൻ നേട്ടം കൈവരിച്ചു. അന്നേ ദിവസം ജില്ലയിൽ 95,411 യാത്രക്കാരാണ് കെ .എസ് .ആർ .ടി. സിയെ ആശ്രയിച്ചത്.

കണ്ണൂർ ഡിപ്പോയിൽ 40319, പയ്യന്നൂർ ഡിപ്പോയിൽ 33011, തലശ്ശേരി ഡിപ്പോയിൽ 22081 പേരും യാത്ര ചെയ്തു. ആകെ 196 (കണ്ണൂർ 90, പയ്യന്നൂർ 58, തലശ്ശേരി 48) ബസുകളാണു ജില്ലയിൽ സർവീസ് നടത്തുന്നത്.

നേട്ടം ബസുകൾ കുറഞ്ഞിട്ടും

15 വർഷം പഴക്കമുള്ള സർക്കാർ വാഹനങ്ങൾ നിരത്തിലിറങ്ങാത്ത പ്രത്യേക സാഹചര്യത്തിൽ ബസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ അവസ്ഥയിൽ ആയിരിക്കെയാണ് കെഎസ്ആർടിസിയുടെ ഈ നേട്ടം. 2016നു ശേഷം കെ .എസ് .ആർ .ടി. സി പുതിയ ബസ് വാങ്ങിയിട്ടില്ല.

അതുകൊണ്ടു തന്നെ നിലവിൽ ഓടുന്ന സൂപ്പർ ക്ലാസ് ബസുകൾ 7 വർഷം മുതൽ 9 വർഷം വരെ പഴക്കമുള്ളവയാണ്. സാധാരണ ഗതിയിൽ സൂപ്പർ ക്ലാസ് ബസുകൾക്കു പകരം പുതിയ ബസുകൾ വരുമ്പോൾ പഴയ സൂപ്പർ ക്ലാസ് ബസുകളാണ് ഓർഡിനറി ബസുകളായി രൂപമാറ്റം വരുത്താറുള്ളത്. പുതിയ ബസുകൾ ഇല്ലാത്തതിനാൽ ഓർഡിനറി ബസുകളുടെ എണ്ണം ജില്ലയിൽ കുറഞ്ഞിട്ടുണ്ട്.

പിന്തുണയേകി ബജറ്റ് ടൂറിസം

ബജറ്റ് ടൂറിസത്തിന്റെ പങ്കാളിത്തവും വരുമാന നേട്ടത്തിലുണ്ട്. ഈ പ്രത്യേക അവസ്ഥയിലും ബാക്കിയുള്ള ബസുകളെ കൃത്യമായി ഷെഡ്യൂൾ ചെയ്തും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തിയും സർവീസ് നടത്തിയതിന്റെ ഫലമാണ് ഇത്രയും വരുമാനം ലഭിച്ചത്.

ബജറ്റ് ടൂറിസത്തിന്റെ പങ്കാളിത്തവും വരുമാന നേട്ടത്തിനു പിന്നിലുണ്ട്. മൂന്നാർ, വാഗമൺ–കുമരകം, കൊച്ചി, ഗവി, വയനാട് എന്നിവിടങ്ങളിലേക്കാണ് ആഴ്ചയിൽ ഒരിക്കൽ ട്രിപ്പ്.

ജില്ലയിൽ കലക്ഷൻ ടാർജറ്റ് മറികടക്കാനായത് ജീവനക്കാരുടെ ആത്മാർഥത കൊണ്ടാണ്. പ്രതിസന്ധി ഘട്ടത്തിലും മികച്ച നിലയിൽ ജോലി ചെയ്ത ജീവനക്കാർക്കു നന്ദി പറയുന്നു.

സർവീസുകൾ പ്രയോജനപ്പെടുത്തി നേട്ടത്തിൽ ഭാഗമായ യാത്രക്കാരും അഭിനന്ദനം അർഹിക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ ഈ നേട്ടം ആത്മവിശ്വാസം നൽകും.വി.മനോജ് കുമാർ, ഡി.ടി.ഒ– കെ .എസ് .ആർ .ടി. സി .എസ് .ആർ .ടി. സി, കണ്ണൂർ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!