തൃശൂർ: വേനൽമഴയുടെ ആശങ്ക പൂരനഗരിയിൽ വട്ടമിട്ട് പറക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ പൂരം വെടിക്കെട്ട് കവർന്ന പോലെ ഇത്തവണയും ഉണ്ടാകരുതെന്ന പ്രാർത്ഥനയിലാണ് വെടിക്കെട്ട് പ്രേമികൾ. 28ന് സാമ്പിളും മേയ് ഒന്നിന് പുലർച്ചെ പൂരം വെടിക്കെട്ടും നടക്കും.
പൂരനഗരിയുടെ ആകാശമേലാപ്പിൽ കരിമരുന്നിന്റെ വിശ്വരൂപം പുറത്തെടുക്കുന്നതിനുള്ള ഒരുക്കം മാസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു.പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസി വെള്ളിക്കുളങ്ങര സ്വദേശി പി.സി. വർഗീസാണ്.
കഴിഞ്ഞവർഷം ചരിത്രം കുറിച്ച് ഒരു വനിതയെ വെടിക്കെട്ട് ലൈസൻസി എൽപ്പിച്ച തിരുവമ്പാടി വിഭാഗം ഇത്തവണ മുണ്ടത്തികോട് സതീഷിനെയാണ് തങ്ങളുടെ അഭിമാനം കാക്കാനുള്ള കമ്പക്കെട്ടിന്റെ കരാർ ഏൽപ്പിച്ചിരിക്കുന്നത്. സമ്പിളിലും പൂരം വെടിക്കെട്ടിലും ഒളിച്ചിരിക്കുന്ന മാന്ത്രിക വിദ്യകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഉത്സവപ്രേമികൾ.
ഒരുങ്ങുന്നു പുത്തൻ പരീക്ഷണങ്ങൾ
വെടിക്കെട്ട് പ്രേമികളുടെ മനസിൽ മായാതെ നിൽക്കുന്ന തരത്തിൽ പുത്തൻ പരീക്ഷണങ്ങളാണ് ഇരുവിഭാഗക്കാരുടെയും വെടിക്കെട്ട് പുരകളിൽ ഒരുങ്ങുന്നത്. അമിട്ടിൽ കെ - റെയിലും വന്ദേഭാരതും ഉണ്ടാകുമെന്ന് ഉറപ്പായി. ശബ്ദത്തിന് ഒപ്പം വർണവും വാരിവിതറുന്ന മാനത്തെ പൂരത്തിന് ഇത്തവണയും പതിനായിരങ്ങൾ എത്തിച്ചേരും.കുഴിമിന്നലും കൂട്ടപ്പൊരിച്ചിലും തീർക്കുന്ന പ്രകമ്പനമാണ് വെടിക്കെട്ടിന്റെ മുഖ്യആകർഷണം.
തിരുവമ്പാടി, പാറമേക്കാവ് വെടിക്കെട്ട് നിർമാണം അവസാനഘട്ടത്തിലാണ്. 40ലേറെ തൊഴിലാളികളുടെ ഏറെനാളത്തെ പ്രയത്നത്തിന്റെ ഫലമാണ് പൂരം വെടിക്കെട്ട്. ജില്ലയിൽ മറ്റിടങ്ങളിൽ വെടിക്കെട്ടിന് കർശനനിയന്ത്രണം ഉണ്ടായിരുന്നതിനാൽ വെടിക്കെട്ട് പ്രേമികളുടെ പ്രതീക്ഷ തൃശൂരിലാണ്.
വടക്കാഞ്ചേരി ഉത്രാളിക്കാവിൽ മാത്രമാണ് ഇത്തവണ വെടിക്കെട്ട് നടന്നത്. അന്തിമഹാകാളൻ കാവിൽ അനുമതി ലഭിച്ചെങ്കിലും അവസാന നിമിഷം പെസോ അധികൃതരുടെ ഇടപെടൽ മൂലം നടത്താൻ സാധിച്ചിരുന്നില്ല.ആശ്വാസമായി നിയന്ത്രണങ്ങളിൽ അയവ് വെടിക്കെട്ട് കാണുന്നതിന് സ്വരാജ് റൗണ്ടിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് വരുത്തിയത് പൂരപ്രേമികൾക്ക് ആശ്വാസമാകുന്നുണ്ട്.
സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിൽ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് ഇക്കുറി വെടിക്കെട്ട് കാണാം. കളക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ പെസോ അധികൃതരുമായി നടത്തിയ ചർച്ചയിൽ ദൂരപരിധി അളന്ന ശേഷമാണ് കൂടുതൽ സ്ഥലങ്ങളിൽ നിൽക്കാനുള്ള അവസരം നൽകിയത്.
വെടിക്കെട്ടിന് റൗണ്ടിൽ നിൽക്കാം പൂരം വെടിക്കെട്ടിന് കുറുപ്പം റോഡ് മുതൽ എം.ജി റോഡ് വരെ നടപ്പാതയ്ക്ക് പുറത്തും, ജോസ് തിയേറ്ററിന്റെ മുൻഭാഗം മുതൽ പാറമേക്കാവ് വരെ റൗണ്ടിലെ റോഡിലും കാണികൾക്ക് പ്രവേശിക്കാം. സാമ്പിൾ വെടിക്കെട്ടിന് എം.ജി റോഡ് മുതൽ കുറുപ്പം റോഡ് വരെയും ജോസ് തിയറ്റർ മുതൽ പാറമേക്കാവ് വരെയും റോഡിൽ പ്രവേശിക്കാനാകും.