ചെറുപുഴ : അഞ്ചു വർഷം മുൻപത്തെ പ്രളയത്തെത്തുടർന്ന് വീടുവയ്ക്കാൻ സർക്കാർ അനുവദിച്ച പണം ഇനിയും കൈകളിലെത്താതെ പുളിങ്ങോം ആറാട്ടുകടവ് കോളനി നിവാസികൾ. തുക കിട്ടാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മനസ്സുമടുത്ത നിലയിലാണ് കുടുംബങ്ങൾ. ചോർന്നൊലിക്കുന്ന കൂരയിൽ നിന്നു രക്ഷതേടി, ജോലി ഉപേക്ഷിച്ചും കിലോമീറ്ററുകൾ താണ്ടിയും ഓഫിസുകളിൽ എത്തുമ്പോൾ ഒളിയും മറയുമില്ലാതെ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥരെയാണ് പലപ്പോഴും കാണാറുള്ളതെന്ന് കോളനി നിവാസികളും ഇവർക്കായി ഇടപെടുന്നവരും പറയുന്നു.
ഇക്കാര്യങ്ങൾ തന്നെയാണു കഴിഞ്ഞ ദിവസം ഇവിടെ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ ടിആർഡിഎം സൈറ്റ് മാനേജർ സലിം താഴെകോറോത്തിനെ അറസ്റ്റ് ചെയ്ത വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും ചൂണ്ടിക്കാട്ടുന്നത്.
കാലവർഷമെത്താൻ ആഴ്ചകൾ മാത്രം ശേഷിക്കുമ്പോഴും മഴപെയ്താൽ ഒരുതുള്ളി വെള്ളം പോലും പുറത്തുപോകാത്ത കൂരകൾക്കു മുന്നിൽ പ്രതീക്ഷ നശിച്ചുകഴിയുകയാണിവർ.
മഴക്കാലമായാൽ കരകവിഞ്ഞൊഴുകുന്ന തേജസ്വിനിപ്പുഴയുടെയും പതിവായി കാട്ടാനയിറങ്ങുന്ന കർണാടക വനത്തിന്റെയും നടുവിലാണ് വീടെന്നു പോലും വിളിക്കാനാകാത്ത കൂരകളിൽ ജീവൻ കൈയിൽപിടിച്ച് ഇവർ കഴിയുന്നത്.
കടുത്ത വേനലിൽ വീടുകളുടെ പ്ലാസ്റ്റിക് മേൽക്കൂരകൾ പൊടിഞ്ഞുപോയി.ചെറുപുഴ പഞ്ചായത്തിലെ 5-ാം വാർഡിൽപ്പെട്ട പുളിങ്ങോം ആറാട്ടുകടവിലെ 11 കുടുംബങ്ങളിലെ 8 പേർക്ക് വീട് നിർമിക്കാൻ പെരിങ്ങോം-വയക്കര പഞ്ചായത്തിൽ 10 സെന്റ് സ്ഥലം നേരത്തേ അനുവദിച്ചിരുന്നു. ഇവിടെ വീടു നിർമിക്കാനായി ഓരോ കുടുംബത്തിനും 6 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ പണം ലഭിക്കുന്നതിനായി 40,000 രൂപ വരെ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി കോളനി നിവാസികൾ പറയുന്നു. മറ്റൊരു ഉദ്യോഗസ്ഥൻ കൂടി കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്.
നാട്ടുകാരനായ വിജിലൻസ് ഡിവൈഎസ്പിയുടെ സഹായം തേടിയതും കോളനിക്കാർ തന്നെയായിരുന്നു. ദുരിതങ്ങൾ നേരിട്ടുകണ്ടിട്ടും വീടിന് അനുവദിച്ച തുച്ഛമായ തുകയിൽ നിന്നു കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു പിരിച്ചു വിടണമെന്നാണു നാട്ടുകാരുടെ ആവശ്യം.ഉദ്യോഗസ്ഥൻ അറസ്റ്റിലായെങ്കിലും ഈ വർഷവും വീടെന്ന സ്വപ്നം പൂവണിയാൻ സാധ്യതയില്ലെന്നാണു കോളനി നിവാസികൾ പറയുന്നത്.
2018ലെ പ്രളയവും കാട്ടാന ശല്യവും മൂലമാണു ഇവരെ കോളനിയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. രാജഗിരിയിൽ കഴിഞ്ഞ ആഴ്ച കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത് കോളനിക്കു തൊട്ടടുത്താണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആറാട്ടുകടവ് കോളനിക്കു സമീപം കാട്ടാനക്കൂട്ടം തമ്പടിച്ചതും ഇവരുടെ നെഞ്ചിടിപ്പു കൂട്ടുന്നുണ്ട്.
കണ്ണൂർ : ഐ.ടി.ഡി.പി ഓഫിസുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ദലിത് റൈറ്റ്സ് മൂവ്മെന്റിന്റെ (എഐഡിആർഎം) നേതൃത്വത്തിൽ സംയോജിത പട്ടികവർഗ വികസന പ്രോജക്ട് (ഐടിഡിപി) ഓഫിസിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും.
ആറാട്ടുകടവ് ആദിവാസി കുടുംബങ്ങൾക്ക് വീട് പണിയാൻ അനുവദിച്ച തുക നൽകാതെ അനന്തമായി നീട്ടിക്കൊണ്ടുപോയത് പ്രോജക്റ്റ് ഓഫിസറാണെന്ന് എഐഡിആർഎം ഭാരവാഹികൾ കുറ്റപ്പെടുത്തി. ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് പകരം 48 ലക്ഷം രൂപയും മറ്റൊരു അക്കൗണ്ടിലേക്കാണ് പ്രോജക്റ്റ് ഓഫിസർ നിക്ഷേപിച്ചതെന്നും ഇവർ ആരോപിച്ചു. ഇത് ദുരൂഹവും സംശയാസ്പദവുമാണ്.
അനുവദിച്ച തുക സ്വന്തം അക്കൗണ്ടിൽ നൽകണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും രേഖാമൂലം അറിയിച്ചിട്ടും നൽകിയില്ല. ഒരു വർഷത്തിലേറെയായി ഈ കുടുംബങ്ങൾ തങ്ങൾക്ക് അനുവദിച്ച തുകയ്ക്കു വേണ്ടി ഓഫിസുകൾ കയറിയിറങ്ങുന്നു.
ഇപ്പോൾ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതാൻ കഴിയില്ലെന്നും അതുകൊണ്ട് കണ്ണൂർ ഐടിഡിപി ഓഫിസിൽ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്നും എഐഡിആർഎം ഭാരവാഹികൾ ആവശ്യപ്പെട്ടു.