എസ്.എസ്.എൽ.സി: ഗ്രേസ് മാർക്ക് ഒരു വിദ്യാര്‍ഥിക്ക് ഒരിനത്തില്‍ മാത്രം; ഇന്നു മുതല്‍ രേഖപ്പെടുത്താം

Share our post

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് തിങ്കളാഴ്ച മുതൽ രേഖപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു.

സ്കൂളുകളിൽ 28 വരെയാണ് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ഗ്രേസ് മാർക്കിനുള്ള ഓൺലൈൻ എൻട്രി നടത്താനുള്ള സമയപരിധി. വിദ്യാഭ്യാസ ഉപഡയറക്ടർമാരാണ് അന്തിമമായി ഗ്രേസ് മാർക്ക് അനുവദിക്കേണ്ടത്.

വിദ്യാർഥികൾ www.sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിൽ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തണം. ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.

സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സ്കൂളിലെ പ്രധാനാധ്യാപകന്റെ മേലൊപ്പോടെ അതത്‌ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കണം.

ഓൺലൈനിൽ നടത്തുന്ന രേഖപ്പെടുത്തലുകൾ ശരിയാണെന്ന് ഉറപ്പാക്കിയശേഷമേ പ്രധാനാധ്യാപകൻ അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കാവൂ.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തവർക്ക് 20, 15, 10 എന്നിങ്ങനെയാണ് ഗ്രേഡനുസരിച്ച് ഗ്രേസ് മാർക്ക്. ശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. എന്നീ മേളകളിലും സംസ്ഥാനതല ശാസ്ത്രസെമിനാർ, സി.വി. രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയൽ പേപ്പർ പ്രസന്റേഷൻ, വാർത്തവായന മത്സരം, സാമൂഹികശാസ്ത്ര ടാലന്റ് സെർച്ച് എന്നിവയിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം 20, 17, 14 വീതം ഗ്രേസ് മാർക്ക് ലഭിക്കും.

സംസ്ഥാനതലത്തിൽ വ്യക്തിഗത ഇനങ്ങളിലോ ഗെയിംസ് ഇനങ്ങളിലോ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയാൽ യഥാക്രമം 20, 17, 14 ഗ്രേസ് മാർക്ക്‌ ലഭിക്കും.

സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച് ആദ്യത്തെ മൂന്നുഗ്രേഡ് നേടിയവർക്കു മാത്രമേ എസ്.എസ്.എൽ.സി.ക്ക് ഗ്രേസ് മാർക്കിന് അർഹതയുണ്ടാവൂ. ഒരു വിദ്യാർഥിക്ക് ഒരിനത്തിൽ മാത്രമേ ഗ്രേസ് മാർക്കുണ്ടാവൂ.

ജവാഹർലാൽ നെഹ്രു നാഷണൽ എക്സിബിഷൻ, സതേൺ ഇന്ത്യ സയൻസ് ഫെയർ, ദേശീയ/സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, എൻ.സി.സി, എൻ.എസ്.എസ്, ലിറ്റിൽ കൈറ്റ്‌സ് എന്നിവയ്ക്കും ഗ്രേസ് മാർക്കുണ്ടാവും.

ദേശീയ/സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, സതേൺ ഇന്ത്യ സയൻസ് ഫെയർ എന്നിവയുടെ ഗ്രേസ് മാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അനുവദിക്കുക. ഇതിനായി വിദ്യാർഥികൾ ഓൺലൈനായി വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം, അതിൽനിന്നുള്ള പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പ്രധാനാധ്യാപകന്റെ ശുപാർശയോടെ അയയ്ക്കാനാണ് നിർദേശം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!