പെൺകരുത്തിൽ ഉയർന്നു ആറ്‌ സ്വപ്‌നഭവനങ്ങൾ

Share our post

ഇരിട്ടി: കുടുംബശ്രീ കരുത്തിൽ ആറളം ഫാം ആദിവാസി മേഖലയിലെ ആറ്‌ കുടുംബങ്ങൾക്ക്‌ പുതിയ വീടുകളായി. ഫാം ഒമ്പതാം ബ്ലോക്കിലെ കുടുംബങ്ങൾക്കാണ്‌ പുതിയ വീടുകൾ. വീടുകളുടെ താക്കോൽ തിങ്കൾ പകൽ മൂന്നിന്‌ വി. ശിവദാസൻ എം.പി കുടുംബങ്ങൾക്ക്‌ കൈമാറും.

560 ചതുരശ്ര അടി വിസ്‌തൃതിയിലാണ്‌ ഓരോ വീടും നിർമിച്ചത്‌. ജില്ലാ കുടുംബശ്രീ മിഷൻ സഹായത്തോടെ രൂപീകരിച്ച ആറളം പഞ്ചായത്ത്‌ സി.ഡി.എസിന്‌ കീഴിലെ സ്‌ത്രീകളുടെ നിർമാണ കൂട്ടായ്‌മയായ മേസൺ ഗ്രൂപ്പിനായിരുന്നു നിർമാണച്ചുമതല.

രണ്ട്‌ മാസംകൊണ്ടാണ്‌ മികച്ച രൂപഭംഗിയും ഈടും ഉറപ്പുമുള്ള വീടുകളുടെ നിർമാണം പൂർത്തിയായത്‌. ഐ.ഡി.ഡി.പിയാണ്‌ വീട്‌ നിർമാണത്തിനുള്ള ഫണ്ട്‌ ആറളം ടി.ആർ.ഡി.എം മുഖേന ഗുണഭേക്താക്കൾക്ക്‌ നൽകിയത്‌. തറ നിർമാണം തൊട്ടുള്ള പ്രവൃത്തികൾ സ്‌ത്രീകളുടെ സംഘം ഏറ്റെടുത്തു.

നേരത്തെ കുടുംബശ്രീ നിർമാണ കൂട്ടായ്മയായ മേസൺ ഗ്രൂപ്പ്‌ നാല്‌ വീടുകൾ ആദിവാസി മേഖലയിൽ നിർമിച്ച്‌ വൈദഗ്‌ധ്യം തെളിയിച്ചിരുന്നു.

തുടർന്നാണ്‌ ആറ്‌ വീടുകളുടെ നിർമാണംകൂടി അഞ്ചംഗ പെൺസംഘം ഏറ്റെടുത്ത്‌ മികവ്‌ തെളിയിച്ചത്‌. കമ്പി മുറിക്കാനും കെട്ടാനും വാർപ്പ്‌ പണിക്കും മറ്റുമുള്ള പരിശീലനം ഇവർക്ക്‌ കുടുംബശ്രീ മുഖേന ലഭിച്ചിരുന്നു.

സി.സിലി (സെക്രട്ടറി), നിഷ (പ്രസിഡന്റ്‌) എന്നിവർ ഭാരവാഹികളായ മേസൺ ഗ്രൂപ്പാണ്‌ വീടുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയത്‌.

പത്ത്‌ വീടുകൾകൂടി നിർമിക്കാൻ പദ്ധതിയായിട്ടുണ്ട്‌. ഫണ്ട്‌ ലഭിക്കുന്ന മുറക്ക്‌ ഇതും ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ്‌ കുടുംബശ്രീ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!