മേയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും -മന്ത്രി എം.ബി. രാജേഷ്
എരുമപ്പെട്ടി: സംസ്ഥാനത്ത് ഈ വർഷം മുതൽ മേയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ജൈവസംസ്കൃതി 2023 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പദ്ധതി പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അഗ്രി ന്യൂട്രി ഗാർഡൻ കാമ്പയിൻ 2023 – 24 പോസ്റ്റർ പ്രകാശനം, വിഡിയോ പ്രകാശനം, ബാലസഭ ശുചിത്വോത്സവം കാമ്പയിന്റെ പോസ്റ്റർ-വിഡിയോ പ്രകാശനം, ബാലസഭാംഗങ്ങൾക്കുള്ള ഗ്രീൻ കാർഡ് വിതരണം തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
വനിതകളുടെ അണ്ടർ – 17 വിഭാഗം ദേശീയ ഗുസ്തി മത്സരത്തിൽ വെങ്കലം നേടിയ പാഴിയൊട്ടുമുറി പുളിച്ചാറൻ വീട്ടിൽ ഫിദ ഫാത്തിമയെ അനുമോദിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ഗവേണിങ് ബോഡി അംഗവും ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ആർ. ജോജോ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്.
പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എസ്. ബസന്ത് ലാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ മീന സാജൻ, ഇ.എസ്. രേഷ്മ, മിനി ജയൻ, ചിത്ര വിനോബാജി, അഡ്വ. കെ. രാമകൃഷ്ണൻ, രേഖ സുനിൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജലീൽ ആദൂർ.
പത്മം വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. മണി, വാർഡ് മെമ്പർ സെയ്ബുന്നീസ ഷറഫുദ്ദീൻ, സ്റ്റേറ്റ് മിഷൻ പ്രോഗ്രാം ഓഫിസർ എ. സജീവ് കുമാർ, നടി സൗപർണിക സുഭാഷ് എന്നിവർ സംസാരിച്ചു. ജില്ല മിഷൻ കോഓഡിനേറ്റർ എസ്.സി. നിർമൽ സ്വാഗതവും വിദ്യ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി കർഷക വിദഗ്ധർ നയിച്ച സെമിനാർ, കർഷക സംഗമം, കലാപരിപാടികൾ തുടങ്ങിയവയും ഉണ്ടായി. കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു.