ബൈക്ക് ഓട്ടം 170 കി.മീ വേഗത്തില്‍; അഭ്യാസത്തിനിറങ്ങിയ സൂപ്പര്‍ ബൈക്കുകള്‍ പിടിച്ചെടുത്ത് എം.വി.ഡി.

അപകടകരമാം വിധം ഇരുചക്രവാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവരെ പിടികൂടാന്‍ പോലീസിന്റെ സഹായത്തോടെ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന ശക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ കരുനാഗപ്പള്ളി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഏഴ് ബൈക്കുകള്‍ പിടിച്ചെടുത്തു.
ഏറെ തിരക്കുള്ള നിരത്തുകളില്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തിയശേഷം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അടുത്തകാലത്തായി കൂടിവരികയാണ്.
ഹെല്‍മെറ്റില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ചാണ് ഇവ പകര്‍ത്തുന്നത്. സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഇവരുടെ ലക്ഷ്യം.
റോഡിലെ മറ്റു വാഹനയാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്ന രീതിയിലാണിത്. ഇതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ‘അഭ്യാസി’കളെ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കിയത്.
ചവറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ച് ബൈക്കുകളും തെക്കുംഭാഗം, ഓച്ചിറ പോലീസ് സ്റ്റേഷന്‍ പരിധികളായി ഓരോ ബൈക്കുമാണ് പിടിച്ചെടുത്തത്.
അഭ്യാസപ്രകടനം നടത്തിയവരുടെ ഫോണ്‍ നമ്പരും മറ്റും ശേഖരിച്ചായിരുന്നു ‘അഭ്യാസി’കളെ മോട്ടോര്‍ വാഹനവകുപ്പും പോലീസും ചേര്‍ന്നു വലയിലാക്കിയത്. എന്നാല്‍, പലരും ഓടിച്ചിരുന്ന ബൈക്കുകള്‍ സുഹൃത്തുക്കളുടേതായിരുന്നു. ചവറയില്‍ പിടിച്ചെടുത്ത അഞ്ച് ബൈക്കുകളിലും രൂപമാറ്റം വരുത്തിയിരുന്നു.
നിയമാനുസൃതമല്ലാത്ത രീതിയില്‍ രൂപമാറ്റം വരുത്തിയതിനും അപകടകരമാംവിധം നിരത്തുകളില്‍ അഭ്യാസപ്രകടനം നടത്തിയതിനും ഇവര്‍ക്കെതിരേ 66,000 രൂപ പിഴ ചുമത്തി.
തെക്കുംഭാഗത്തുനിന്നു പിടിച്ചെടുത്ത ബൈക്കില്‍ രൂപമാറ്റം വരുത്തിയിരുന്നില്ല. എല്ലാ ബൈക്കുകളുടെയും ആര്‍.സി.യും ബൈക്ക് ഓടിച്ചവരുടെ ലൈസന്‍സും റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.
170 കിലോമീറ്ററിലധികം വേഗത്തിലാണ് പലരും ബൈക്ക് ഓടിച്ചിരുന്നതെന്ന് ക്യാമറാ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ബൈക്കുകളുടെ ചീറിപ്പായല്‍.
ഏറെ തിരക്കുള്ള ദേശീയപാതയിലൂടെയായിരുന്നു പലരുടെയും അഭ്യാസപ്രകടനങ്ങള്‍. ഇത്തരം പ്രവണതകള്‍ക്കെതിരേ ഒട്ടേറെപ്പേരാണ് ഇതിനകം പരാതികളുമായി പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും സമീപിച്ചിട്ടുള്ളത്.
എ.എം.വി.ഐ.മാരായ സമീര്‍, അനു എസ്.കുമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി.