നിരത്തിലെ നിര്‍മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറാദൃശ്യങ്ങളിലെ നിയമലംഘനം സ്ഥിരീകരിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ പ്രത്യേകസംഘമുണ്ടാകും. മുന്‍നിശ്ചയിച്ച കമാന്‍ഡുകള്‍പ്രകാരം പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ക്ക് ഉണ്ടാകാനിടയുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്.
പ്രത്യേക പരിശീലനം ലഭിച്ച ഈ സംഘമാണ് ക്യാമറകള്‍ തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കയക്കുന്ന ദൃശ്യങ്ങള്‍ പരിശോധിക്കുക. തുടര്‍ന്ന്, ഉറപ്പുവരുത്തിയവയാണ് ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്കയക്കുക.
അതാത് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയാണ് ക്യാമറാദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലെത്തുക. വാഹനമോടിക്കുന്നയാള്‍ കൈകൊണ്ട് ചെവിയില്‍ തൊടുകയോ മറ്റോ ചെയ്താല്‍ ക്യാമറ ഇത് മൊബൈലില്‍ സംസാരിക്കുകയാണെന്ന രീതിയില്‍ നിയമലംഘനമായി വിലയിരുത്താനിടയുണ്ട്.
ഇത്തരം ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുകയാണ് ഈ സംഘത്തിന്റെ ചുമതല. വളരെ കൃത്യമായതും ഒരു സംശയത്തിനും ഇടനല്‍കാത്ത രീതിയിലുള്ള നിയമലംഘന ദൃശ്യങ്ങള്‍മാത്രം എടുത്താണ് കെല്‍ട്രോണ്‍ സംഘം ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേക്കയക്കുക. സംശയമുള്ളവ ഒഴിവാക്കിയാകും നടപടി.
തുടര്‍ന്ന്, എന്‍ഫോഴ്സമെന്റ് കണ്‍ട്രോള്‍ റൂമിലെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവ വീണ്ടും പരിശോധിച്ച് നിയമലംഘനമെന്ന് ഉറപ്പുവരുത്തിയാണ് പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കുക. രണ്ടുഘട്ടങ്ങളായുള്ള പരിശോധന പൂര്‍ത്തിയാകുന്നതോടെ വിലയിരുത്തല്‍ കൃത്യമാക്കാനാകുമെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ വിലയിരുത്തല്‍.
പഴയ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ തുടരും
പുതുതായി സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുമാത്രമാണ് ഒരുമാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ്. മറ്റു ക്യാമറകളും പരിശോധനയില്‍ പോലീസും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഒഴിവാക്കിയിട്ടില്ല. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘങ്ങള്‍ക്ക് മേയ് 19 വരെ പിഴ ഈടാക്കില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു.
മോട്ടോര്‍വാഹനവകുപ്പും പോലീസ് വകുപ്പും നിരത്തില്‍ നേരത്തേ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ തയ്യാറാക്കുന്ന ഇ-ചെലാന്‍ പ്രകാരമുള്ള തുക വാഹന ഉടമകള്‍ അടയ്ക്കണം. ഇത്തരം കേസുകളില്‍ ഫോണില്‍ എസ്.എം.എസ്. അലര്‍ട്ട് നല്‍കും. പിഴ അടച്ചില്ലെങ്കില്‍ 30 ദിവസത്തിനുശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാകണം. എ.ഐ. ക്യാമറകളില്‍ കുടുങ്ങിയാല്‍ ഒരുമാസത്തേക്ക് വാഹന ഉടമകള്‍ക്ക് താക്കീത് മെമ്മോ തപാലില്‍ ലഭ്യമാക്കും. എസ്.എം.എസ്. ലഭിക്കില്ല.