Kerala
താഹിറ പദ്ധതിയിട്ടത് സഹോദരന്റെ കുടുംബത്തെ ഉന്മൂലനം ചെയ്യാൻ; കൃത്യമായ ആസൂത്രണം, കാരണം മുൻ വൈരാഗ്യം

കൊയിലാണ്ടി: സഹോദരന്റെ കുടുംബത്തെ മുഴുവനായി ഉന്മൂലനംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അരിക്കുളത്തെ കോറോത്ത് താഹിറ തന്റെ ‘ക്രിമിനൽ’ ബുദ്ധി പ്രയോഗിച്ചതെന്ന് പോലീസ് നിഗമനം.
ഇതിനായി കുടുംബത്തിന് മൊത്തംകഴിക്കാനുള്ള ഐസ്‌ക്രീം പാക്കറ്റ് വാങ്ങി അതിൽ വിഷംകലർത്തിയാണ് താഹിറ സഹോദരൻ മുഹമ്മദലിയുടെ വീട്ടിലെത്തിയത്.
താഹിറ വീട്ടിലെത്തിയനേരത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ രിഫായി മാത്രമാണ് അവിടെയുണ്ടായിരുന്നത്. പിതൃസഹോദരി സ്നേഹത്തോടെ വെച്ചുനീട്ടിയ ഐസ്‌ക്രീമിന്റെ ചെറിയൊരുഭാഗം ആ പന്ത്രണ്ടുകാരൻ അല്പാല്പമായി നുണഞ്ഞു.
രുചിവ്യത്യാസം ഉണ്ടായതിനെത്തുടർന്ന് ബാക്കി ഉപേക്ഷിക്കുകയായിരുന്നു. ഉമ്മയും രണ്ടുസഹോദരങ്ങളും ഈ സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാലാണ് അവർ രക്ഷപ്പെട്ടത്. മുഹമ്മദലിയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ചങ്ങരോത്തായിരുന്നു താമസം.
ഈ അടുത്താണ് അരിക്കുളത്ത് വീട് വാടകയ്ക്കെടുത്ത് അതിലേക്ക് താമസംമാറ്റിയത്. കുട്ടികളെല്ലാം ചങ്ങരോത്ത് എം.യു.പി. സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. മരിച്ച അഹമ്മദ് ഹസൻ റിഫായി ആറാംക്ലാസ് വിദ്യാർഥിയാണ്.
മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു. കുട്ടികളോടൊപ്പം ഇവരെയും താഹിറ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പോലീസ് അനുമാനം.
ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പധികൃരും പോലീസും ഐസ്‌ക്രീം വിറ്റ കട സീൽചെയ്ത് രണ്ടുദിവസം അടപ്പിച്ചിരുന്നു.
എന്നാൽ, ഇവിടെനിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റുള്ളവർക്കൊന്നും ഭക്ഷ്യവിഷബാധ ഏൽക്കാതിരുന്നതും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരിച്ച അഹമ്മദ് ഹസൻ രിഫായിയുടെ ശരീരത്തിൽ അമോണിയയുടെയും ഫോസ്‌ഫേറ്റിന്റെയും അംശം കൂടുതലായി കണ്ടെത്തിയതും പോലീസിന്റെ സംശയം ഇരട്ടിപ്പിച്ചു.
ഐസ്‌ക്രീമിൽ ഒരു കാരണവശാലും ഉണ്ടാകാൻ സാധ്യതയില്ലാത്ത രാസവസ്തുവാണ് അമോണിയം ഫോസ്‌ഫേറ്റ്. മനഃപൂർവം ചേർക്കാതെ ഇതൊരിക്കലും ഐസ്‌ക്രീമിൽ എത്തില്ല. ഇതോടെ ഐസ്‌ക്രീം വാങ്ങി നൽകിയ താഹിറയിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞു.
വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കി. പലവട്ടം താഹിറയെ പോലീസ് ചോദ്യംചെയ്തെങ്കിലും ഇവർ വിദഗ്ധമായി ഒഴിഞ്ഞുമാറി.
എന്നാൽ, മൊഴികളിലെ വൈരുധ്യങ്ങളും സൂപ്പർമാർക്കറ്റിൽനിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളും ബന്ധപ്പെടുത്തി അന്വേഷണം നടത്തിയപ്പോൾ താഹിറതന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിന് വ്യക്തമായി. തുടർന്നാണ് സംഭവത്തിനുശേഷം നാലാംനാൾ ആവുമ്പോഴേക്കും കുറ്റവാളിയെ കണ്ടെത്താൻ പോലീസിനായത്.
പന്ത്രണ്ടുവയസ്സുമാത്രമുള്ള കുട്ടിയെ സ്വന്തം പിതാവിന്റെ സഹോദരിതന്നെ വിഷം നൽകി കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിലാണ് അരിക്കുളം നിവാസികൾ. കേവലം ഭക്ഷ്യവിഷബാധയെന്ന് ആദ്യഘട്ടത്തിൽ അനുമാനിച്ച സംഭവമാണ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞത്.
കൊലയ്ക്ക് കാരണം കുടുംബവൈരാഗ്യമെന്ന് പോലീസ്
കൊയിലാണ്ടി: അരിക്കുളത്ത് വിഷംകലർത്തിയ ഐസ്‌ക്രീം കഴിച്ച് പന്ത്രണ്ടുകാരൻ മരിച്ച സംഭവത്തിൽ പിതൃസഹോദരിയെ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തു.
അരിക്കുളം കോറോത്ത് താഹിറ(38)യെയാണ് അറസ്റ്റു ചെയ്തത്. താഹിറയുടെ സഹോദരൻ കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസ്സൻ റിഫായി (12)യാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് താഹിറയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പിന്നീട്, അരിക്കുളത്തെത്തിച്ച് താഹിറ താമസിക്കുന്ന വീട്ടിലും മരിച്ച അഹമ്മദ് ഹസൻ റിഫായിയുടെ വീട്ടിലും ഐസ്‌ക്രീം വാങ്ങിയ കടയിലുമെത്തിച്ച് തെളിവെടുത്തു.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സഹോദരൻ മുഹമ്മദാലിയുടെ കുടുംബത്തോടുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.
മുഹമ്മദലിയുടെ ഭാര്യ അസ്മയും മക്കളായ അഹമ്മദ് ഹസൻ റിഫായി, ആയിഷ, റസിൻ എന്നിവർ ചങ്ങരോത്ത് കുടുംബവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒന്നരമാസംമുൻപ് ഇവർ അരിക്കുളത്ത് വീട് വാടകയ്ക്കെടുത്ത് താമസംമാറിയിരുന്നു.
ഇതിനിടയിലാണ് സഹോദരന്റെ കുടുംബവുമായുളള ബന്ധം പുനഃസ്ഥാപിക്കാനെന്ന വ്യാജേന താഹിറ ഇവരുടെ വീട്ടിലെത്തിയതും വിഷംകലർത്തിയ ഐസ്‌ക്രീം കുട്ടിക്ക് നൽകുന്നതും. എന്നാൽ, ആ സമയത്ത് അഹമ്മദ് ഹസൻ റിഫായിയും വലിയുമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
മറ്റുള്ളവർ പേരാമ്പ്രയിൽ സാധനങ്ങൾ വാങ്ങാൻപോയതായിരുന്നു. താഹിറ നൽകിയ ഐസ്‌ക്രീം അഹമ്മദ് ഹസൻ റിഫായി കുറച്ച് കഴിച്ചശേഷം രുചിവ്യത്യാസം തോന്നി വലിച്ചെറിയുകയായിരുന്നുെവത്രേ. അതുകൊണ്ടാണ് കുടുംബത്തിലെ മറ്റുള്ളവർക്ക് ജീവഹാനി സംഭവിക്കാതെ പോയതെന്ന് പോലീസ് പറയുന്നു.
അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽനിന്ന് ഫാമിലി പാക്ക് ഐസ്‌ക്രീമാണ് താഹിറ വാങ്ങിയത്. ഇത് സ്വന്തംവീട്ടിൽ എത്തിച്ച് അതിൽ എലിവിഷം കലർത്തി. എലിവിഷത്തിന്റെ ഒഴിഞ്ഞ പാക്കറ്റ് പിന്നീട് തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലേക്ക് എറിഞ്ഞു.
തെളിവെടുപ്പിനായി പോലീസ് താഹിറയെ സ്വന്തം വീട്ടിലെത്തിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം അവർ പോലീസിനോട് വിശദീകരിച്ചു. തുടർന്ന് പോലീസ് കിണറ്റിൽനിന്ന് എലിവിഷത്തിന്റെ പാക്കറ്റ് കണ്ടെടുത്തു.
സൂപ്പർമാർക്കറ്റിൽനിന്ന് ഐസ്‌ക്രീം വാങ്ങിയശേഷം സ്വന്തംവീട്ടിലേക്ക് നടന്നുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യവും പോലീസ് ശേഖരിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
ഈ മാസം 16-നാണ് സംഭവം നടന്നത്. ഐസ്‌ക്രീം കഴിച്ചതോടെ തുടർച്ചയായ ഛർദിയെത്തുടർന്ന് അഹമ്മദ് ഹസൻ റിഫായിയെ പിതാവ് ആദ്യം മേപ്പയ്യൂരിലെ ആസ്പത്രിയിലും പിറ്റേന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽകോളേജ് ആസ്പത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ അമോണിയ, ഫോസ്‌ഫറസ് എന്നിവ കൂടിയ അളവിൽ കുട്ടിയുടെ ശരീരത്തിൽ എത്തിയതായി കണ്ടെത്തി. ഇതേത്തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.
പ്രതി താഹിറയെ ആദ്യംതൊട്ടേ പോലീസിന് സംശയമുണ്ടായിരുന്നു. ലൈബ്രറി സയൻസിൽ ബിരുദധാരിയാണ് താഹിറ. വിവാഹബന്ധം വേർപെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് എട്ടാംക്ലാസിൽ പഠിക്കുന്ന ഒരു മകളുണ്ട്.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ആർ. കറപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, പയ്യോളി സി.ഐ. കെ.സി. സുബാഷ് ബാബു, എസ്.ഐ. വി. അനീഷ്, പി.എം. ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ. കരീം, ഗംഗേഷ്, വനിതാ സിവിൽ പോലീസ് ഓഫീസർമാരായ ശോഭ, രാഖി, എസ്.സി.പി.ഒ. ബിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
Kerala
ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് അമിത്ഷാ


ബി.ജെ.പി കുറഞ്ഞത് 30 വര്‍ഷമെങ്കിലും കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യത്തില്‍, ഏതൊരു പാര്‍ട്ടിയുടെയും വിജയം അതിന്റെ കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അത് പകല്‍ മുഴുവന്‍ അധ്വാനിച്ചാല്‍ ‘നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് ജീവിക്കുന്നതെങ്കില്‍, വിജയം നിങ്ങളുടേതായിരിക്കുമെന്നും’ അമിത്ഷാ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ. ഞാന്‍ ബിജെപിയുടെ ദേശീയ പ്രസിഡന്റായിരുന്നപ്പോള്‍, അടുത്ത 30 വര്‍ഷത്തേക്ക് ബിജെപി അധികാരത്തില്‍ തുടരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ 10 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളൂ,’ അമിത്ഷാ കൂട്ടിചേര്‍ത്തു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും യുസിസി ഒന്നൊന്നായി അവതരിപ്പിക്കുമെന്ന് അമിത്ഷാ പറഞ്ഞു. തുടക്കം മുതല്‍ തന്നെ ബിജെപിയുടെ ദൃഢനിശ്ചയം രാജ്യത്ത് യുസിസി അവതരിപ്പിക്കുക എന്നതാണെന്നും ഭരണഘടനാ അസംബ്ലിയുടെ തീരുമാനമായിരുന്നു (യുസിസി അവതരിപ്പിക്കുക). കോണ്‍ഗ്രസ് അത് മറന്നിരിക്കാം, പക്ഷേ ഞങ്ങള്‍ മറന്നിട്ടില്ലെന്നും അമിത്ഷാ പറഞ്ഞു. ”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അത് ചെയ്തിട്ടുണ്ട്. അയോധ്യയില്‍ ഒരു രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ അതും ചെയ്തിട്ടുണ്ട്” അമിത്ഷാ പറഞ്ഞു.
Kerala
അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു


തിരുവനന്തപുരം:അങ്കണവാടി ജീവനക്കാർ നടത്തിവന്ന രാപ്പകൽ സമരം അവസാനിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളിൽ ആവശ്യങ്ങൾ പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരക്കാർ പറഞ്ഞു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ അങ്കണവാടി ജീവനക്കാർ സമരം ചെയ്തത്.
Kerala
പാലക്കാട് അമ്മയും മകനും കുളത്തിൽ മുങ്ങി മരിച്ചനിലയിൽ


പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയിൽ അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപൊറ്റയിൽ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്.കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ പെട്ടതാകാമെന്നുമാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തിൽ പരിസരവാസികൾ ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവിൽ കാണുകയായിരുന്നു. ഇതോടെ ഒരാൾകൂടി അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തിൽ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്