എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി; ഗ്രേസ് മാർക്ക് ലഭിക്കുക ഒരിക്കൽ മാത്രം

Share our post

എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർഥികൾക്ക് ഒരിക്കൽ മാത്രമേ ഗ്രേസ് മാർക്ക് അനുവദിക്കൂവെന്ന് വിദ്യാഭ്യാസ വകുപ്പ്.

ഗ്രേസ് മാർക്ക് കുട്ടിക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ വീണ്ടും ബോണസ് മാർക്ക് നൽകില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.

വിദ്യാർഥികളുടെ പാഠ്യേതര മികവിനായുള്ള ഗ്രേസ് മാർക്ക് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സർക്കാർ പുനഃസ്ഥാപിച്ചത്. അക്കാദമിക മികവു പുലർത്തുന്നവരെക്കാൾ ഉയർന്ന മാർക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം നേടുന്നവർക്ക് ലഭിക്കുന്നതായുള്ള ആക്ഷേപത്തെത്തുടർന്നാണ് പരിഷ്കാരം.

മൊത്തം 15 വിഭാഗങ്ങളായി തിരിച്ച് ചുരുങ്ങിയത് മൂന്നും പരമാവധി 30 മാർക്കും ഗ്രേസ് മാർക്കായി നൽകും. 90 ശതമാനമോ അതിലേറെയോ മാർക്ക് ലഭിക്കുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതോടെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ്t മാർക്കോടെ വിദ്യാർഥികൾക്കിനി എ പ്ലസ് ലഭിക്കില്ല.

എട്ടോ ഒമ്പതോ ക്ലാസുകളിൽt പഠിക്കുമ്പോൾ സംസ്ഥാനതല സ്കൂൾ കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ പങ്കെടുത്തു ലഭിക്കുന്ന ഉയർന്ന ഗ്രേഡ്, ഗ്രേസ് മാർക്കിനു പരിഗണിക്കണമെങ്കിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കണമെന്നില്ല. പകരം, റവന്യൂ ജില്ലാതല മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതി.

സ്പോർട്‌സിന് എട്ടാം ക്ലാസിലെ സർട്ടിഫിക്കറ്റുവെച്ചാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലും പത്തിലും പഠിക്കുമ്പോൾ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സ്പോർട്‌സിന് ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റുവെച്ചാണ് ഗ്രേസ് മാർക്കിന് അപേക്ഷിക്കുന്നതെങ്കിൽ പത്താംക്ലാസിൽ കുറഞ്ഞത് ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്ത അംഗീകൃത സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വിവിധ ഇനങ്ങളിൽ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരായിട്ടുണ്ടെങ്കിൽ അവയിൽ ഏതിനത്തിലാണോ കൂടുതൽ മാർക്ക് ലഭിക്കുന്നത് ആ ഇനത്തിനുള്ള മാർക്കു മാത്രമേ നൽകൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!