എന്‍.സി.ഇ.ആര്‍.ടി ശാസ്ത്ര പുസ്തകത്തിലെ സിലബസ് പരിഷ്‌കരണത്തില്‍ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും

Share our post

എന്‍.സി.ഇ.ആര്‍.ടി ശാസ്ത്രപുസ്തകത്തിലെ സിലബസ് പരിഷ്‌കരണത്തില്‍ പ്രതിഷേധവുമായി ശാസ്ത്രഞ്ജരും അധ്യാപകരും. ഡാര്‍വിന്‍ സിദ്ധാന്തമുള്‍പ്പടെ ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശാസ്ത്രഞ്ജര്‍ തുറന്ന കത്തെഴുതി. നേരത്തെ ചരിത്രപുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

എന്‍.സി.ഇ.ആര്‍.ടി പത്താംക്ലാസിലെ ഒമ്പതാമത്തെ പാഠഭാഗത്തിന്റെ പേര് ഹെറിഡിറ്റി ആന്റ് ഇവല്യൂഷന്‍ (പാരമ്പര്യവും പരിണാമവും) എന്നായിരുന്നു. ഇതില്‍ പരിണാമം പൂര്‍ണമായും ഒഴിവാക്കി ഹെറിഡിറ്റി മാത്രമാക്കിയതിനെതിരെയാണ് പ്രതിഷേധം. ബ്രെയ്ക്ക് ത്രൂ സയന്‍സ് സൊസൈറ്റി എന്ന ശാസ്ത്രസമൂഹത്തിലെ അംഗങ്ങളായ ആയിരത്തിലധികം ശാസ്ത്രജ്ഞരും, അധ്യാപകരും ചേര്‍ന്നാണ് കത്തെഴുതിയത്.

ഡാര്‍വിന്‍ സിദ്ധാന്തം പോലെ ശാസ്ത്രത്തിലെ പ്രധാന കണ്ടെത്തലുകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയാണ് കത്തില്‍ വ്യക്തമാക്കുന്നത്.

കേവലം ജീവശാസ്ത്ര വിഷയമായി പരിണാമ സിദ്ധാന്തത്തെ കാണാന്‍ കഴിയില്ലെന്നും വൈദ്യശാസ്ത്രം, മരുന്ന് നിര്‍മ്മാണം, പരിസ്ഥിതി , മനശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സിദ്ധാന്തം അത്യന്താപേക്ഷിതമാണ് എന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും രൂപപ്പെടുത്തുന്നതില്‍ പരിണാമ സിദ്ധാന്തത്തിനുള്ള പങ്ക് നിര്‍ണായകമാണ്. അതിനാല്‍ ശാസ്ത്ര പുസ്തകങ്ങളില്‍ മതിയായ പ്രാധാന്യത്തോടെ ഇത് ഉള്‍പ്പെടുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ഐ.ഐ.ടി, ഐസര്‍, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണിവരില്‍ കൂടുതലും. ഡാര്‍വിന്‍ സിദ്ധാന്തം കൂടാതെ, ഭൂമിയില്‍ ജീവന്റെ ഉത്പത്തി, മോളിക്യുലാര്‍ ഫൈലോജെനി തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!