പോക്‌സോ കേസ് പ്രതി ചാടിയത് ജയിലിന് പുറത്തേക്ക്, പക്ഷേ വീണത് ഉള്ളിലേക്ക്, പൂജപ്പുര സെൻട്രൽ ജയിലിൽ നടന്നത് കോമഡി സിനിമകളെ തോൽപ്പിക്കും രംഗങ്ങൾ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ ചാടാൻ ശ്രമിച്ച തടവുകാരൻ അമളി പറ്റി കുടുങ്ങി.പുറത്തേയ്ക്കുള്ള മതിലെന്നു കരുതി ചാടി എത്തിയത് ജയിലിലെ മറ്റൊരു ബ്ലോക്കിൽ. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.
പോക്‌സോ കേസ് പ്രതിയായ ആലപ്പുഴ മാവേലിക്കര സ്വദേശി യദുവാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. മാവേലിക്കര കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്. ഇയാൾ പൂജപ്പുരയിലെത്തിയിട്ട് ഒരാഴ്ചയയെ ആയിട്ടുള്ളൂ. അതിനിടെയാണ് ഈ സാഹസം.അവധി ദിവസമായിരുന്നതിനാൽ ഇന്നലെ തടവുകാർക്ക് ഇളവുകൾ അനുവദിച്ചിരുന്നു.
ടി.വി കാണാൻ അനുവദിച്ച സമയത്താണ് വാർഡന്മാരുടെ കണ്ണു വെട്ടിച്ച് ഏഴടിപ്പൊക്കമുള്ള മതിൽ യുവാവ് ചാടിക്കടന്നത്. 11-ാം ബ്ലോക്കിൽ നിന്ന് ഇയാൾ ചാടിയെത്തിയത് 12-ാം ബ്ലോക്കിലായിരുന്നു. തിരികെ ചാടാൻ സാധിക്കാത്തതിനാൽ ഇയാൾ അവിടെ തന്നെ ഇരുന്നു.
അനുവദിച്ച സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ വാർഡൻമാരാണ് അടുത്ത ബ്ലോക്കിൽ നിന്ന് കണ്ടെത്തിയത്.മൂത്രമൊഴിക്കാനാണ് ഇവിടെ വന്നതെന്നായിരുന്നു പ്രതി വാർഡന്മാരോട് പറഞ്ഞത്.
സംശയം തോന്നിയ വാർഡന്മാർ ജയിൽ സൂപ്രണ്ടിനെ വിവരമറിയിക്കുകയും തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ രക്ഷപ്പെടാൻ ശ്രമിച്ചതാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. ഇയാളെ അതീവ സുരക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി.