വെറും കാര്‍ഡില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡ് ആകാന്‍ കേരള ലൈസന്‍സ്; വാഹനില്‍ അപേക്ഷ കൂടുന്നു

Share our post

സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷാ പ്രവാഹം. ഏഴു സുരക്ഷാഫീച്ചറുകളോടു കൂടിയ കാര്‍ഡുകളാണു പുതുതായി ലഭിക്കുന്നത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്കു മാറാം.

ഇതിനായി 200 രൂപ ഫീസടയ്ക്കണം. കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല. ലൈസന്‍സ് തപാലില്‍ വേണമെന്നുള്ളവര്‍ തപാല്‍ ഫീസ് കൂടി ചേര്‍ത്താണു ഫീസ് അടയ്‌ക്കേണ്ടത്.

എന്നാല്‍, 200 രൂപ ഫീസ് വാങ്ങിക്കുന്നതിനെതിരേ ഒരുവിഭാഗം ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി ലൈസന്‍സ് ലഭിക്കുന്ന സമയത്ത് 200 രൂപ ലൈസന്‍സ്ഫീ ഇനത്തില്‍ വാഹന ഉടമകളില്‍നിന്നു വാങ്ങിക്കാറുണ്ട്.

എന്നിട്ടു സാധാരണ പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡാണു നല്‍കുന്നത്. ഇതിനു വലിയചെലവില്ല. സ്മാര്‍ട്ട് കാര്‍ഡ് നല്‍കാനാണ് 200 രൂപ വാങ്ങിക്കുന്നത്. ഇപ്പോള്‍, സ്മാര്‍ട്ട് ലൈസന്‍സിനായി വീണ്ടും 200 രൂപ വാങ്ങി ആളുകളെ ചൂഷണംചെയ്യുന്നുവെന്നാണ് ആരോപണം.

ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ലൈസന്‍സ് എടുത്താല്‍ 200 രൂപ നല്‍കിയാല്‍ മതി. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1,000 രൂപയ്ക്കുമുകളില്‍ നല്‍കേണ്ടി വരും. അതിനാല്‍ പരമാവധി ആളുകള്‍ ലൈസന്‍സ് മാറ്റാനായി ഓട്ടത്തിലാണ്.

ഇപ്പോഴും ബുക്ക്, പേപ്പര്‍ ലൈസന്‍സുകളുള്ളവര്‍ ഏറെയുണ്ട്. ഇവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാനാകും.ഇത്തരം പഴയ ലൈസന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ മോട്ടോര്‍ വാഹനവകുപ്പ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ഇവരുടെ ലൈസന്‍സ് വിവരങ്ങളൊന്നും കംപ്യൂട്ടറില്‍ ലഭിക്കുകയുമില്ല. ഈ പ്രവര്‍ത്തനമാണു സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നടത്തേണ്ടിയിരുന്നതെന്നും വിമര്‍ശനമുണ്ട്.

അപേക്ഷ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം തപാലില്‍ ലൈസന്‍സ് ലഭ്യമാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍, അപേക്ഷകള്‍ കൂടുന്നതു മോട്ടോര്‍ വാഹനവകുപ്പിനു തലവേദനയാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!