അതിർത്തി വനത്തിൽ രാത്രിയിൽ വെടിയൊച്ചകൾ; നിഷേധിച്ച് വനം വകുപ്പ്

ശ്രീകണ്ഠപുരം : കേരള – കർണാടക അതിർത്തിയിലെ കാടുകളിൽ രാത്രികാലങ്ങളിൽ വെടിയൊച്ചകൾ പതിവാണ്. പൈതൽമലയുടെ താഴ്‌വര, വഞ്ചിയം, കാഞ്ഞിരക്കൊല്ലി ഭാഗങ്ങളിൽ രാത്രി വനത്തിലെത്തി നായാട്ട് നടത്തുന്നതു പതിവാണെന്നു നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. കാഞ്ഞിരക്കൊല്ലി വനത്തിൽ കഴിഞ്ഞ ദിവസം റിസോർട്ട് ഉടമ വെടിയേറ്റു മരിച്ചതോടെ, തെറ്റിദ്ധാരണയ്ക്ക് ഇടയില്ലാത്ത വിധം ഇതു ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വലിയ കച്ചവടം ലക്ഷ്യം വെച്ചല്ല നായാട്ട് സംഘങ്ങൾ വനത്തിലെത്തുന്നത്.
ചിലർ വിനോദത്തിനായാണു കാടു കയറുന്നത്. കാൽമുട്ടു വരെ ഉയരത്തിലുള്ള ബൂട്ടും തൊപ്പിയും ധരിച്ച് ഹെഡ്‌ലൈറ്റുമായി എത്തുന്നവരുമുണ്ട്. ഇവരിൽ പലരേയും മലയടിവാരത്തിൽ താമസിക്കുന്നവർ കാണാറുണ്ടെന്നു പറയുന്നു. രാത്രിയിലെ നായാട്ട് മലയോര മേഖലയിലെ ചിലർക്കു വിനോദമാണ്. കാടിന്റെ ഉള്ളിലെത്തി ചില ജീവികളെ വെടി വെച്ചു കൊണ്ടു പോയി ഭക്ഷണം ഉണ്ടാക്കുകയും ചിലർക്ക് വിനോദമാണെന്നു പറയുന്നു.
ഒളിഞ്ഞിരുന്നു കാട്ടുപന്നികളെ വേട്ടയാടുകയും പുറത്ത് കൊണ്ടുപോയി വിൽപന നടത്തുകയും പതിവാണത്രെ. പന്നികളെ പിടിക്കുന്നവർ അതിർത്തി വനത്തിൽ മാത്രമല്ല എല്ലാ ഗ്രാമങ്ങളിലും സജീവമാണ്. കാട്ടിൽ പെറ്റു പെരുകുന്ന ഇവയെ ആരെങ്കിലും പിടിച്ചു കൊണ്ടുപോയി ഭക്ഷിക്കട്ടെ എന്ന നിലപാടിലാണു നാട്ടുകാർ.
കപ്പ, പച്ചക്കറി എന്നിവെയെല്ലാം സ്ഥിരമായി നശിപ്പിക്കുന്നവയെ പിടിച്ചു കൊണ്ടു പോകുന്നതിൽ കർഷകർക്കും എതിർപ്പില്ല. എന്നാൽ കാട്ടാനവേട്ട ഈ മേഖലയിൽ ഒരിടത്തും ഇതു വരെ നടന്നതായി അറിവില്ല.