പരിണാമ സിദ്ധാന്തവും പാഠപുസ്തകത്തിനു പുറത്ത്

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി.യുടെ പത്താംക്ലാസ് സയൻസ് പാഠപുസ്തകത്തിൽനിന്ന് ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം പുറത്ത്.
വിദ്യാർഥികളെ ശാസ്ത്രപഠനത്തിന്റെ അടിസ്ഥാനപാഠങ്ങളായി പഠിപ്പിച്ച സിദ്ധാന്തമാണ് ക്ലാസ്‌മുറിയിൽനിന്ന് പുറത്തായത്. സിലബസ് പരിഷ്കരണത്തിന്റെ പേരിലാണ് നീക്കം.
പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി എന്ന സംഘടനയുടെ നേതൃത്വത്തിൽ ശാസ്ത്രജ്ഞർ, ശാസ്ത്രാധ്യാപകർ തുടങ്ങി 1800-ഓളം വിദഗ്ധർ സർക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചു.
എന്നാൽ, ഒഴിവാക്കലിനെക്കുറിച്ച് എൻ.സി.ഇ.ആർ.ടി. പ്രതികരിച്ചില്ല. 2023-24 അധ്യയനവർഷത്തിന്റെ ആരംഭത്തോടെ പുതിയ പുസ്തകങ്ങൾ വിതരണംചെയ്യും.
സാമൂഹികപാഠപുസ്തകങ്ങളിൽനിന്ന് മുഗൾഭരണകാലം, ഗാന്ധിവധം, മൗലാനാ അബുൾകലാമിനെക്കുറിച്ചുള്ള പരാമർശങ്ങൾ, ആർ.എസ്.എസ്. നിരോധനം, ഗുജറാത്ത് കലാപം തുടങ്ങിയ വിഷയങ്ങൾ ഒഴിവാക്കിയത് നേരത്തേ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കോവിഡ് കാലത്ത് പഠനം സുഗമമല്ലെന്ന് ചൂണ്ടിക്കാട്ടി സിലബസ് കുറച്ചപ്പോൾ പത്താംക്ലാസ് പുസ്തകത്തിലെ പ്രധാന അധ്യായമായിരുന്ന പരിണാമസിദ്ധാന്തം താത്കാലികമായി ഒഴിവാക്കിയിരുന്നു.
ഇപ്പോഴിത് പൂർണമായി നീക്കം ചെയ്തിരിക്കയാണെന്ന് പ്രതിഷേധക്കത്ത് തയ്യാറാക്കുന്നതിന് നേതൃത്വംനൽകിയ ശാസ്ത്രജ്ഞനും അധ്യാപകനുമായ പ്രൊഫ. അങ്കിത് സുലേ പറഞ്ഞു.
പത്താം ക്ലാസ് സയൻസ് പുസ്തകത്തിലെ ‘പാരമ്പര്യവും പരിണാമവും’ എന്ന അധ്യായം ‘പാരമ്പര്യം’ എന്നാക്കി മാറ്റിയതായി എൻ.സി.ഇ.ആർ.ടി. കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.