എസ്.രാജേന്ദ്രന്റെ മൂന്നാറിലെ ഭൂമി ഏറ്റെടുത്തു

മൂന്നാർ: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ കൈയേറിയ മൂന്നാർ ഇക്കാനഗറിലെ ഒമ്പത് സെന്റ് ഭൂമിയും വീടും റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. ഇക്ക നഗറിൽ സർവേ നമ്പർ 912ൽ കൈവശം വച്ചിരുന്ന ഭൂമിയാണ് മൂന്നാർ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഏറ്റെടുത്ത് സർക്കാർ ഭൂമിയാണെന്ന ബോർഡ് സ്ഥാപിച്ചത്.
രാജേന്ദ്രന്റെയും ഭാര്യയുടെയും പേരിലായിരുന്നു സ്ഥലം. ഭൂമി കൈയേറി വീട് പണിത് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. നേരത്തെ ഈ വീട്ടിൽ താമസിച്ചിരുന്ന അമ്മയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബത്തെ ഇറക്കിവിടാൻ ശ്രമിച്ചത് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിരുന്നു.
2022 സെപ്തംബറിൽ ഈകുടുംബം അടിമാലിയിലേക്ക് മാറി. ഇവർ പോയതിന് പിന്നാലെ നവംബറിൽ ഏഴ് ദിവസത്തിനകം സ്ഥലം ഒഴിയണമെന്ന് കാട്ടി ദേവികുളം എൽ.എ തഹസിൽദാർ കത്ത് നൽകിയിരുന്നു. എന്നാൽ രാജേന്ദ്രൻ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങി. പിന്നീട് രാജേന്ദ്രൻ നൽകിയ അപ്പീൽ ലാൻഡ് റവന്യൂ കമ്മീഷണർ തള്ളി.
ഇതോടെ അതിവേഗത്തിൽ കളക്ടറുടെ നിർദ്ദേശ പ്രകാരം ഭൂമി തിരിച്ചുപിടിക്കുകയായിരുന്നു. പാർട്ടിയുമായി അകന്നതും നടപടിക്ക് ആക്കം കൂട്ടി. രാജേന്ദ്രനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. തനിക്ക് നോട്ടീസ് നൽകാതെയാണ് ഭൂമി ഏറ്റെടുത്തതെന്ന് രാജേന്ദ്രൻ ആരോപിച്ചു.