മണ്ണൂർ നായിക്കാലിയിൽ റോഡ് പ്രവൃത്തി ആരംഭിച്ചു; പുഴയിലേക്ക് ഇടിഞ്ഞുള്ള അപകടാവസ്ഥയ്ക്ക് പരിഹാരം കാണും

മട്ടന്നൂർ: മണ്ണൂർ നായിക്കാലിയിൽ പുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങി. പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് സുരക്ഷാഭിത്തി നിർമ്മിച്ച് റോഡ് പുനർനിർമ്മിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.
500 മീറ്ററോളം നീളത്തിലാണ് സുരക്ഷാമതിൽ നിർമിക്കുക. ഇതിനായി മണ്ണുമാറ്റുന്ന പ്രവൃത്തിയാണ് നടക്കുന്നത്.പണി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം പാലക്കാട് ഐ.ഐ.ടിയിൽ നിന്നുള്ള വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഇവർ തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ട് അനുസരിച്ചാണ് പ്രവൃത്തി നടത്തുന്നത്.
പുഴയിലേക്ക് ഇടിഞ്ഞ ഭാഗത്ത് മണ്ണിന് ബലക്കുറവുള്ളതിനാൽ ഇത് പരിഹരിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളോടെയാണ് പ്രവൃത്തി നടത്തുക. മഴയ്ക്ക് മുമ്പായി പണി പൂർത്തിയാക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.പ്രവൃത്തിക്കായി അടുത്ത ദിവസം മുതൽ റോഡ് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കും.
2019ൽ 24 കോടി രൂപ അനുവദിച്ച് റോഡിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗം പുഴയിലേക്ക് ഇടിഞ്ഞുതാഴുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പടെ സ്ഥലം സന്ദർശിക്കുകയും നിർമാണത്തെക്കുറിച്ച് പഠിക്കാൻ പാലക്കാട് ഐ.ഐ.ടിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
പണിക്കായി കിഫ്ബി എസ്റ്റിമേറ്റ് പുതുക്കി 20.23 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.റോഡ് മെക്കാഡം ടാറിംഗും നടത്തുംനായിക്കാലിയിൽ തകർന്ന റോഡ് പുതുക്കിപ്പണിയുന്നതിന് ഒപ്പം ബാക്കിയുള്ള ഭാഗത്ത് മെക്കാഡം ടാറിംഗും നടത്തും.
മണ്ണൂർ-മട്ടന്നൂർ റോഡിന്റെ പ്രവൃത്തി വൈകുന്നതിനെതിരെ വലിയ പ്രതിഷേധമാണ ഉയർന്നിരുന്നത്. റോഡ് വികസിപ്പിക്കുന്നതിനായി പ്രദേശത്തെ ഭൂവുമടകളുടെ യോഗം കെ.കെ. ശൈലജ എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ നഗരസഭാ ഓഫീസിൽ നടത്തിയിരുന്നു.