സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ടാക്‌സി ‘കേരള സവാരി’ കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

Share our post

കൊച്ചി: തൊഴിൽവകുപ്പിന്റെ കീഴിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ, ടാക്‌സി സംവിധാനം ‘കേരള സവാരി’ കൊച്ചി, തൃശൂർ നഗരങ്ങളില്‍ ആരംഭിക്കും. തൊഴിൽമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സംസ്ഥാന സർക്കാർ, പൊലീസ്, ലീഗൽ മെട്രോളജി, ഗതാഗതം, ഐടി, പ്ലാനിങ്‌ ബോർഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ ഇത് നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഐടിഐ, സാങ്കേതികസംവിധാനം ഒരുക്കും. ഈ മേഖലയിലെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ചൂഷണത്തില്‍നിന്ന് ഓട്ടോ, ടാക്‌സി തൊഴിലാളികളെ സംരക്ഷിച്ച് മാന്യമായ സ്ഥിരവരുമാനം ഉറപ്പാക്കുന്നതോടൊപ്പം സുരക്ഷിതയാത്ര ഒരുക്കുകയാണ് ലക്ഷ്യം.

ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്ക് എറണാകുളത്ത് 28നും തൃശൂരിൽ മെയ് ഒമ്പതിനും പരിശീലനം നൽകും. പദ്ധതി വിജയകരമായി നടപ്പാക്കാൻ ജില്ലാതലത്തിൽ കലക്ടർ ചെയർമാനായ കമ്മിറ്റി രൂപീകരിച്ചു. യാത്രാനിരക്ക് സർക്കാർതലത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ .കെ ദിവാകരൻ, കലക്ടർ എൻ .എസ് .കെ ഉമേഷ്, കൊച്ചി റേഞ്ച് ഡി.ഐ.ജി എ ശ്രീനിവാസ്, തൃശൂർ ജില്ലാ വികസന കമീഷണർ ശിഖ സുരേന്ദ്രൻ, ജില്ലാ റൂറൽ എസ്‌.പി വിവേക്‌കുമാർ, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ടി ബിജു ഭാസ്‌കർ, ലേബർവകുപ്പ് അഡീഷണൽ സെക്രട്ടറി ഡി ലാൽ, അഡീഷണൽ ലേബർ കമീഷണർമാരായ കെ. ശ്രീലാൽ, രഞ്ജിത് മനോഹർ, കെ .എം സുനിൽ എന്നിവര്‍ യോ​ഗത്തില്‍ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!