ബാലിയിലും ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; യാത്രകള്‍ ചിലവേറും

ബാലി സന്ദര്‍ശനം മനസ്സില്‍ താലോലിക്കുന്ന സഞ്ചാരികള്‍ക്ക് ഒരു ദുഃഖ വാര്‍ത്ത. ബാലിയിലേക്കുള്ള യാത്ര ഭാവിയില്‍ ചിലവേറിയേക്കും. ബാലിയില്‍ വിനോദസഞ്ചാരികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ബാലിയില്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക് കൊണ്ടുവന്നിരുന്നു.
ലോകത്തെ ഏറ്റവും മികച്ച ബജറ്റ് ഡസ്റ്റിനേഷനുകളില്‍ ഒന്നായാണ് ബാലി അറിയപ്പെടുന്നത്. കുറഞ്ഞ ചിലവില്‍ അതിമനോഹരമായ സഞ്ചാര അനുഭവം സമ്മാനിച്ചിരുന്ന ബാലി ലോകത്താകെയുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായിരുന്നു. എന്നാല്‍ ടൂറിസം ടാക്‌സ് ഏര്‍പ്പെടുത്തുന്നത് ബാലി യാത്ര ചിലവ് കുത്തനെ ഉയര്‍ത്താനാണ് സാധ്യത.
നിയമങ്ങള്‍ കര്‍ശനമായ രാജ്യമാണ് ഇന്‍ഡൊനീഷ്യ. ബാലിയില്‍ വിനോദ സഞ്ചാരികള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ സമീപകാലത്ത് സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു.
വിവിധ തരത്തിലുള്ള വിസ-നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി വിനോദസഞ്ചാരികളെ സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു.
ടൂറിസ്റ്റ് ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ബാലിയില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്ത് പ്രല പ്രമുഖ രാജ്യങ്ങളും ഇത്തരത്തില്‍ ടൂറിസം ടാക്‌സ് ഏര്‍പ്പെടുത്തിയിരുന്നു.
ബാലി- സഞ്ചാരികളുടെ സ്വര്‍ഗം
ദൈവങ്ങളുടെ ദ്വീപെന്നാണ് ബാലിയുടെ വിശേഷണങ്ങളിലൊന്ന്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്.
തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി.
അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.
പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സുന്ദ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം.
ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ‘ഡെന്‍പസാര്‍’ ആണ്.
ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡൊനീഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളില്‍ ഏറിയ പങ്കും ബാലിദ്വീപില്‍ വസിക്കുന്നു.