പേരാവൂർ താലൂക്കാസ്പത്രി ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാൻ എച്ച്.എം.സി അംഗങ്ങളുടെ ശ്രമം

പേരാവൂർ: താലൂക്കാസ്പത്രിയുടെ ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനുള്ള ചില എച്ച്.എം.സി അംഗങ്ങളുടെ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു.2022 ജൂൺ 26ന് ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലെടുത്ത തീരുമാനമാണ് എച്ച്.എം.സിയിലെ ചിലർ ചേർന്ന് മന:പൂർവം വൈകിപ്പിക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ, ജില്ലാ മെഡിക്കൽ ഓഫീസ് പ്രതിനിധി ഡോ.ബി.സന്തോഷ്, ആസ്പത്രി സൂപ്രണ്ട് ഗ്രിഫിൻ സുരേന്ദ്രൻ, റവന്യൂ അധികൃതർ, മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ എന്നിവർ ചേർന്ന് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണ് പത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമാക്കാതെ ഇഴഞ്ഞ് നീങ്ങുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റടക്കം മുൻ തീരുമാനങ്ങളിൽ നിന്ന് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്.ആസ്പത്രി സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുമെന്ന് ആവർത്തിച്ച അദ്ദേഹം ബ്ലോക്കിലേക്കും ബസ് സ്റ്റാൻഡിലേക്കും നടവഴി പ്രായാഗികമാണോയെന്ന് പരിശോധിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.
ആസ്പത്രി സ്ഥലത്തുകൂടി റോഡ് അനുവദനീയമാണോയെന്നറിയാൻ സംസ്ഥാന സർക്കാരിന് കത്തയക്കണമെന്നും ബ്ലോക്ക് മുതൽ മൗണ്ട് കാർമൽ വരെ സർക്കാർ നിലപാടറിഞ്ഞ ശേഷം മതിൽ കെട്ടിയാൽ മതി എന്നീ നിർദ്ദേശങ്ങളുമാണ് കെ.ശശീന്ദ്രൻ ഉന്നയിച്ചത്.
ബസ് സ്റ്റാൻഡിൽ നിന്ന് ബ്ലോക്കിലേക്കുള്ള വഴി പ്രാവർത്തികമാണോ എന്ന കാര്യത്തിൽ എ.ജിയുമായി ആലോചിച്ച ശേഷം സർക്കാരിന് കത്ത് നല്കിയാൽ മതിയെന്ന് സി.പി.ഐ പ്രതിനിധി അഡ്വ.എം.ഷാജി നിർദ്ദേശിച്ചു.സർക്കാരിന് കത്ത് നല്കണമെന്ന നിലപാടാണ് കോൺഗ്രസ് അംഗം പൂക്കോത്ത് അബൂബക്കറും സീകരിച്ചത്.
ആസ്പത്രി ഭൂമിയിലൂടെ പൊതുവഴിയോ സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴിയോ നല്കാൻ സാധ്യമല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിലപാടെടുത്തു.ആസ്പത്രിയുടെ സമീപത്തുള്ളവർക്ക് രാഷ്ട്രീയക്കാരും പ്രാദേശിക നേതാക്കളും ചേർന്ന് വഴി കണ്ടെത്തണമെന്നും പ്രസിഡന്റ് നിർദ്ദേശിച്ചു. ആസ്പത്രി ഭൂമിയിലൂടെ സ്വകാര്യ വഴികളോ,പൊതു വഴിയോ അനുവദിക്കില്ലെന്നും മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്തില്ലെന്നുമുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ തീരുമാനം ആസ്പത്രി സൂപ്രണ്ട് യോഗത്തിൽ അറിയിച്ചിട്ടും സർക്കാരിന് കത്ത് നല്കി ചുറ്റുമതിൽ നിർമാണം വൈകിപ്പിക്കാനാണ് ചിലർ ശ്രമിച്ചത്.
ആസ്പത്രി ഭൂമിയിലെ പൊതുവഴികൾ ഒഴിവാക്കിചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ബേബി കുര്യൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നല്കിയിരുന്നു .ഈ ഹർജിയിൽ അനുകൂല വിധി വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ചില എച്ച്.എം.സി അംഗങ്ങൾ സർക്കാരിന് കത്ത് നല്കി മതിൽ നിർമാണം വൈകിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വിവരം.