മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, 58കാരന് അഞ്ച് വർഷം കഠിനതടവ്

തിരുവനന്തപുരം ; ഇളയ സഹോദരിയോടൊപ്പം സാധനം വാങ്ങാൻ കടയിൽ പോയ 10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും ശിക്ഷ.
അടിമലത്തുറ ഫാത്തിമ മാതാ പളളിക്ക് സമീപം പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്റ്റഫറി(58) നെയാണ് പ്രത്യേക പോക്‌സോ കോടതി ജഡ്ജി സുദർശനൻ ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.വഴിയരികിൽ നിന്ന പ്രതി കുട്ടികളുടെ അച്ഛന്റെ കൂട്ടുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് കുട്ടികളെ സമീപിച്ചത്.
മിഠായി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി കുട്ടികളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപേയത്. ഇളയ കുട്ടിയെ മറ്റൊരു മുറിയിൽ ഇരുത്തിയ ശേഷം 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി കരഞ്ഞ് ബഹളംവച്ചു.
ഉടൻ പണം നൽകിയ പ്രതി മിഠായി വാങ്ങി മടങ്ങി വരാൻ കുട്ടിയോട് പറഞ്ഞു. കുട്ടി ഉടനെ സഹോദരിയുമായി ഓടി വീട്ടിൽ പോകുകയും അമ്മയോട് വിവരം പറയുകയുമായിരുന്നു.
വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ച് പ്രതിയെ പിടികൂടി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.