വാടക കെട്ടിടം വൃത്തിഹീനം; ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് പഞ്ചായത്ത്, പുതുതായി താമസിപ്പിക്കുന്നതിനും വിലക്ക്

കോഴിക്കോട്: നാദാപുരം ടൗണിനടുത്തുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം വൃത്തിഹീനമായി കാണപ്പെട്ടതിനെ തുടർന്ന് നദാപുരം ഗ്രാമപഞ്ചായത്ത് അധികൃതർ കെട്ടിട ഉടമയ്ക്ക് 5000 രൂപ പിഴയിട്ടു.
പുതിയോട്ടിൽ ക്വാർട്ടേഴ്സിൽ ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
കക്കൂസ് ടാങ്ക് വൃത്തിഹീനമായി കാണുകയും മലിനജലം പുറത്തേക്ക് ഒഴുകുകയും ചെയ്തിരുന്നു. ക്വാർട്ടേഴ്‌സിന്റെ പിൻവശത്ത് ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ കെട്ടിവച്ച നിലയിൽ കാണുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുകയും ചെയ്തതിനെ തുടർന്ന് ക്വാട്ടേഴ്‌സ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ് ബാബു എന്നിവർ ക്വാട്ടേഴ്‌സ് പരിശോധിച്ച് അപാകതകൾ കണ്ടെത്തുകയായിരുന്നു.
ക്വാട്ടേഴ്‌സിൽ നിന്ന് താമസക്കാരെ 15 ദിവസത്തിനകം ഒഴിപ്പിക്കാനും പുതിയതായി ആരെയും താമസിപ്പിക്കരുതെന്നും കെട്ടിട ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്വാർട്ടേഴ്‌സിലെ സെപ്റ്റിക് ടാങ്ക്, മലിന ജല ടാങ്ക് എന്നിവ 15 ദിവസത്തിനകം വൃത്തിയാക്കി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചു.