കൈക്കൂലി കൊടുക്കുന്നവർക്കും ശിക്ഷ ഉറപ്പാക്കണം

കൈക്കൂലി വാങ്ങുന്നവർക്കൊപ്പം കൊടുക്കുന്നവർക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്ന് കേരള പൊലീസ് അസോസിയേഷൻ (കെപിഎ) സെമിനാറിൽ അഭിപ്രായമുയർന്നു.
കെ.പി.എ കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘അഴിമതി ഒരു സാമൂഹിക വിപത്ത്’ വിഷയത്തിലായിരുന്നു സെമിനാർ.
അഴിമതിയും കൈക്കൂലിയും മാറാവ്യാധിപോലെ സമൂഹത്തിൽ പിടിമുറുക്കുകയാണെന്ന് സെമിനാർ ഉദ്‌ഘാടനം ചെയ്‌ത വിജിലൻസ് സ്‌പെഷ്യൽ ജഡ്‌ജി ടി മധുസൂദനൻ പറഞ്ഞു.
വൻതുക ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ 500 രൂപ കൈക്കൂലി വാങ്ങുന്നതിലൂടെ നാടിനും വീടിനും കൊള്ളാത്തവരായി മാറുന്നു. പണം നൽകിയാലേ ഫയലുകൾ ചലിക്കൂ എന്ന ചിന്ത മാറ്റണം.
അഴിമതി കൂടി ഇല്ലാതാക്കിയാൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി നാം മാറുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് കേസുകളുടെ പിന്നാമ്പുറങ്ങളിൽ സഞ്ചരിക്കുമ്പോൾ പല ഉദ്യോഗസ്ഥരോടും അവജ്ഞ തോന്നുമെന്ന് വിഷയം അവതരിപ്പിച്ച വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു.
ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച പാവപ്പെട്ട കൂലിപ്പണിക്കാരനോട് അടക്കം കൈക്കൂലി വാങ്ങിയവരുണ്ട്.
നിങ്ങളെ സേവിക്കുകയെന്നത് തന്റെ ഡ്യൂട്ടിയാണെന്ന് എഴുതിവച്ച മലപ്പുറം സിവിൽസ്‌റ്റേഷനിലെ ക്ലാർക്കിനെ പോലുള്ളവരാവണം മാതൃക.
47 ഉദ്യോഗസ്ഥരെ കഴിഞ്ഞ വർഷം അറസ്‌റ്റ് ചെയ്‌തതായും അദ്ദേഹം പറഞ്ഞു.സെമിനാറിൽ ടി പ്രജീഷ് അധ്യക്ഷനായി.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം .വി ശശിധരൻ, കെ.പി.ഒ.എ ജനറൽ സെക്രട്ടറി സി. ആർ ബിജു, സുബേദാർ മേജർ വി സി ശശി, പി ദിനേശൻ, കെപിഒഎ ജില്ലാസെക്രട്ടറി എൻ .പി കൃഷ്‌ണൻ, പി .ബിജു എന്നിവർ സംസാരിച്ചു.