എച്ച്.എസ്.ടി. അഭിമുഖം വൈകുന്നു; ഹൈസ്‌കൂള്‍ അധ്യാപക നിയമനം ജൂണിലുമില്ല

ഇത്തവണയും ഹൈസ്‌കൂള്‍ അധ്യാപക റാങ്ക്പട്ടികകള്‍ വൈകും. ഏപ്രില്‍-മേയില്‍ അഭിമുഖം പൂര്‍ത്തിയാക്കാനുള്ള ശ്രമം ഫലംകണ്ടില്ല. ഇടുക്കി, കോഴിക്കോട് ജില്ലകള്‍ മേയില്‍ അഭിമുഖം ആരംഭിക്കും.
കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകള്‍ ജൂണില്‍ അഭിമുഖത്തിന് തുടക്കമിടും. ഇതോടെ ഒരു ജില്ലയിലും പുതിയ അധ്യയന വര്‍ഷം ആദ്യം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാകില്ലെന്ന് ഉറപ്പായി.
ആദ്യം അഭിമുഖം പൂര്‍ത്തിയാക്കുന്ന ജില്ലകളുടെ റാങ്ക്പട്ടികകള്‍ പോലും നിലവില്‍ വരുന്നത് ഓഗസ്റ്റ് അവസാനമാവാനാണ് സാധ്യത. മറ്റ് ജില്ലകളുടേത് സെപ്റ്റംബര്‍ കഴിയും.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭൂരിഭാഗത്തിലും അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ട സ്ഥിതിയാണ്. റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ ഒഴിവുകള്‍ സ്‌കൂളുകളില്‍ നിലവിലുണ്ടെന്നാണ് വിവരം.
കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായതിനുശേഷമുള്ള തസ്തികനിര്‍ണയ നടപടികള്‍ മന്ദഗതിയിലാണ്. തസ്തിക സൃഷ്ടിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി കാത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
മന്ത്രിസഭായോഗത്തിന്റെ അനുമതിയോടെ ആ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അതിന് കാലതാമസമെടുത്തേക്കും. അതിനിടിയില്‍ തിരക്കിട്ട് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന നിലപാടാണ് പി.എസ്.സി.ക്ക്. കോഴിക്കോടുജില്ലയുടെ ഗണിതം ചുരുക്കപ്പട്ടിക ഇനിയും പ്രസിദ്ധീകരിക്കാനായില്ല.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിലക്കുള്ളതാണ് കാരണം. അപ്പീല്‍ ഫയല്‍ ചെയ്ത് വിലക്ക് നീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് പി.എസ്.സി. അധികൃതര്‍ പറയുന്നത്. അപ്പീല്‍ അനുവദിച്ചാലേ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനാകൂ.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, നാച്വറല്‍ സയന്‍സ്, ഗണിതം വിഷയങ്ങളുടെ ചുരുക്കപ്പട്ടികയാണ് കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്.
ഗണിതം അഭിമുഖം മൂന്ന് ജില്ലകളില്‍
ഗണിതത്തിന് കോഴിക്കോട് ഒഴികേയുള്ള 13 ജില്ലകളിലായി 2356 പേരാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. നിലവില്‍ തൃശ്ശൂര്‍ ഒഴികേയുള്ള ജില്ലകളിലായി 208 ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയിലെ അഭിമുഖം മേയിലും പത്തനംതിട്ടയിലേതും തൃശ്ശൂരിലേതും ജൂണിലും ആരംഭിക്കും. മറ്റ് ജില്ലകളിലെ തീയതി നിശ്ചയിച്ചിട്ടില്ല. 2020 ഡിസംബറിലാണ് ഇതിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. പ്രതീക്ഷിത ഒഴിവുകളായിരുന്നു വിജ്ഞാപനത്തില്‍ കാണിച്ചത്.
ഹിന്ദിക്ക് രണ്ട് ജില്ലകളില്‍ അഭിമുഖം
ഹിന്ദിക്ക് ഒന്‍പത് ജില്ലകളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചത്. 2021 നവംബറിലായിരുന്നു വിജ്ഞാപനം. 39 ഒഴിവുകള്‍ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. നിലവില്‍ ഒന്‍പത് ജില്ലകളിലായി 225 ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുരുക്കപ്പട്ടികയിലാകെ 1209 പേരെയാണ് ഉള്‍പ്പെടുത്തിയത്. കോഴിക്കോട് മേയിലും എറണാകുളത്ത് ജൂണിലും അഭിമുഖം ആരംഭിക്കും.
നാച്വറല്‍ സയന്‍സിന് കൊല്ലം, എറണാകുളം, വയനാട് ജില്ലകളില്‍ അഭിമുഖം
നാച്വറല്‍ സയന്‍സിന്റെ ചുരുക്കപ്പട്ടികയില്‍ 1419 പേരെയാണ് പി.എസ്.സി. ഉള്‍പ്പെടുത്തിയത്. ഒന്‍പത് ജില്ലകളില്‍നിന്നായി 81 ഒഴിവുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 ഡിസംബറിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ഒരുവര്‍ഷം കഴിഞ്ഞാണ് ഒ.എം.ആര്‍. പരീക്ഷ നടത്തിയത്. പിന്നെയും ഒരു വര്‍ഷത്തോളമെടുത്തു, ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍. കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലാണ് അഭിമുഖം നിശ്ചയിച്ചിട്ടുള്ളത്. ജൂണ്‍ പകുതിയോടെ ആരംഭിക്കും.